palakkad local

അംബേദ്കര്‍ കോളനി : രണ്ട് ദിവസത്തിനകം സമാധാന ചര്‍ച്ച നടത്തണം-ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍



പാലക്കാട്: ഗോവിന്ദാപുരം മുതലമട അംബേദ്—കര്‍ കോളനിയില്‍ രണ്ട് ദിവസത്തിനകം ജില്ലാ കലക്റ്ററുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ച നടത്തണെമന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍മുരുഗന്‍ പറഞ്ഞു.  സാമൂഹിക-സാമ്പത്തിക-ജാതീയ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് അംബേദ്കര്‍  കോളനി സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് െെവസ് ചെയര്‍മാന്‍ ഇക്കാര്യം നിര്‍ദേശിച്ചത്. ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ - സാമുദായിക  നേതാക്കള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സമാധാന ചര്‍ച്ച നടത്തേണ്ടത്. കോളനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കണമെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. കോളനിയുടേയും പട്ടികജാതി ജനങ്ങളുടേയും വികസനത്തിന് കേന്ദ്ര-സംസ്ഥാന പട്ടികജാതി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കോളനിയിലെത്തിയ അദ്ദേഹം വീടുകള്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ പരാതികള്‍ സ്വീകരിച്ചശേഷം ജില്ലാ ഭരണകാര്യലയം സ്വീകരിച്ച നടപടികള്‍ ചോദിച്ചറിഞ്ഞു. തകര്‍ന്ന് വീഴാറായ വീടുകള്‍ ഉടന്‍ പുതുക്കി പണിയണമെന്നും ശുചിമുറികളില്ലാത്ത വീടുകളില്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ ശുചിമുറികള്‍ നിര്‍മിക്കണമെന്നും  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോളനി നിവാസികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ  - ആരോഗ്യ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ജാതീയ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ നല്‍കണമെന്നും പൊലിസിനോട് ആവശ്യപ്പെട്ടു. കോളനി നിവാസികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കോളനിയുടെ വികസനത്തിന് ദേശീയ പട്ടികജാതി കമ്മീഷന്റെ കാര്യക്ഷമമായ ഇടപെടല്‍ തുടര്‍ന്നും ഉണ്ടാവുമെന്നും അദ്ദേഹം കോളനി നിവാസികള്‍ക്ക് ഉറപ്പ് നല്‍കി.  ജില്ലാ കലക്റ്റര്‍ പി മേരിക്കുട്ടി, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ദേശീയ പട്ടികജാതി കമ്മീഷനോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it