kannur local

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തും



കണ്ണൂര്‍: ജില്ലയിലെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധനയും കണക്കെടുപ്പും നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപന പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണം ഇക്കാര്യത്തില്‍ വേണമെന്ന് യോഗം അഭ്യര്‍ഥിച്ചു. അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതായി പലരും ശ്രദ്ധയില്‍പ്പെടുത്തി. നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പക്കല്‍ ഇതുസംബന്ധിച്ച കണക്കുകളില്ല. രക്ഷിതാക്കള്‍ക്ക് ഇത്തരം സ്‌കൂളുകള്‍ അംഗീകാരമുള്ളതാണോ എന്ന് മനസ്സിലാക്കാനും കഴിയുന്നില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അംഗീകാരം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ച് എഇഒമാര്‍ക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതുസംബന്ധിച്ച് 2010ല്‍ വിദ്യാഭ്യാസ വകുപ്പ്  ഉത്തരവും ഇറങ്ങി. എന്നാല്‍, ഭൂരിപക്ഷം അണ്‍എയ്ഡഡ് സ്ഥാപനങ്ങളും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ഇത്തരം സ്ഥാപനങ്ങളെ അംഗീകാരമില്ലാത്തവയായി കണക്കാക്കി പട്ടിക പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായതായി എഇഒമാര്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഇങ്ങനെ ചേരാന്‍ സന്നദ്ധരായ വിദ്യാര്‍ഥികളെ പലവിധ പ്രലോഭനങ്ങളിലൂടെ ചില അണ്‍എയ്ഡഡ് സ്‌കൂളുകള്‍ റാഞ്ചുന്നതായും പരാതി ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശം നല്‍കി. ജൂണ്‍ അഞ്ചിന് കണ്ണൂരില്‍ നടക്കുന്ന പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു. വിപുലമായ സംഘാടക സമിതി യോഗം 27ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ഡിഡിഇ എം ബാബുരാജ്, ഡിഇഒമാര്‍, എഇഒമാര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it