malappuram local

അംഗീകാരത്തിന്റെ നിറവില്‍ ചെമ്മങ്കടവ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ്



കോഡൂര്‍: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തല നാഷനല്‍ സര്‍വീസ് സ്‌കീം മികച്ച യൂനിറ്റുകള്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച യൂനിറ്റായി ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ യൂനിറ്റിനേയും പ്രോഗ്രാം ഓഫിസറായി ഈ സ്‌കൂളിലെ അധ്യാപകനായ എന്‍ കെ ഹഫ്‌സല്‍ റഹിമാനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ അധ്യായന വര്‍ഷം നടത്തിയ മാതൃകാപരമായ  സാമൂഹിക, സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ് ഒറ്റത്തറയെ ദത്തെടുത്ത് വാര്‍ഡില്‍ ആരോഗ്യ സാമൂഹിക സേവന രംഗത്തും മണ്ണ്, ജല സംരക്ഷണ, കാര്‍ഷിക മേഖലയിലും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.സ്‌കൂള്‍ പരിസരപ്രദേശങ്ങളില്‍ കിടപ്പിലായവരെ പരിചരിക്കുന്നതിനുള്ള സ്‌നേഹപൂര്‍വം പദ്ധതി, ഈസ്റ്റ്‌കോഡൂരിലെ വിധവക്ക് വേണ്ടി നിര്‍മിച്ച് നല്‍കിയ സ്‌നേഹവീട്, എന്‍എസ്എസ് ദത്തെടുത്ത ഒറ്റത്തറ ഗ്രാമത്തില്‍ നടപ്പാക്കിയ ആരോഗ്യ, കുടുംബ വിവരശേഖരണം, രോഗപ്രതിരോധ ബോധവല്‍ക്കരണം, റോഡ് നിര്‍മാണം, കുളം ശുചീകരണം, മഴക്കുഴികളുടെ നിര്‍മാണം, അങ്കണവാടി കെട്ടിടം ചായംപൂശല്‍, കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം, സോപ്പ് നിര്‍മാണം, ജൈവ പച്ചക്കറി കൃഷിയും നെല്‍കൃഷിയും തുടങ്ങി പ്രവര്‍ത്തനങ്ങ ള്‍ മികവിന് കാരണമായി. കൂടാതെ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ലൈബ്രറി സ്ഥാപിച്ചു. ഓണം, കൃസ്തുമസ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പാലക്കലിലെ ബഡ്‌സ് സ്‌കൂള്‍ കുട്ടികളോടൊപ്പം ആഘോഷിച്ചു. അങ്കണവാടി കുട്ടികള്‍ക്ക് കളി ഉപകരണങ്ങള്‍, അങ്കണവാടി ശുചീകരണം, സ്‌കൂളില്‍ കുട്ടികളുടെ റേഡിയോ, ഔഷധ ചെടിത്തോട്ടം തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതിനുള്ള അംഗീകാരമാണ് ചെമ്മങ്കടവ് പിഎംഎസ്എഎംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിനേയും അതിന് നേതൃത്വം നല്‍കിയതിന് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ ഹഫ്‌സല്‍ റഹിമാനെയും തേടിയത്തിയത്.
Next Story

RELATED STORIES

Share it