Kozhikode

എസ് എന്‍ ഡി പി കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍

എസ് എന്‍ ഡി പി കോളജില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍
X
കോഴിക്കോട്: കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ് എന്‍ ഡി പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടാം വര്‍ഷ ബി.എസ്.സി. കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്‍. അമലിനെ മര്‍ദിച്ച സംഭവത്തിലാണ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥ്, കോളജ് യൂണിയന്‍ ചെയര്‍മാന്‍ അഭയ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.

കോളജ് കാംപസില്‍ വച്ച് മര്‍ദിച്ചെന്ന അനുനാഥിന്റെ പരാതിയില്‍ മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മുഹമ്മദ് ഷഫാഖ്, ആദിത്യന്‍, ആദര്‍ശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഞ്ചുപേരും കുറ്റക്കാരാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന്റെയും റാഗിങ് വിരുദ്ധ കമ്മറ്റിയുടേയും റിപ്പോര്‍ട്ട് വന്ന ശേഷമായിരിക്കും കൂടുതല്‍ തീരുമാനങ്ങളെടുക്കുക. സംഭവത്തില്‍ പോലിസ് അന്വേഷണവും തുടരുകയാണ്.

കഴിഞ്ഞ ദിവസമാണ് അമല്‍ ഒരുസംഘം എസ് എഫ് ഐ പ്രവര്‍ത്തകരുടെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീര്‍ക്കുകയുംചെയ്തിരുന്നു.






Next Story

RELATED STORIES

Share it