ഇന്ത്യയിലേക്ക് വരുന്നുവെന്ന റിപോര്‍ട്ട് അടിസ്ഥാന രഹതിമെന്ന് സാക്കിര്‍ നായിക്


ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലേക്ക് വരുന്നുവെന്ന റിപോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് മതപ്രബോധകന്‍ സാക്കിര്‍ നായിക്ക്. സാക്കിര്‍ നായികിനെ ഇന്ത്യയിലേക്കു നാടുകടത്തുമെന്ന് മലേസ്യന്‍ പൊലിസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് സാക്കിര്‍ നായിക് അറിയിച്ചു. നീതിരഹിതമായ നിയമനടപടിയില്‍ നിന്ന് സുരക്ഷ ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കാത്തിടത്തോളം താന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് സാക്കിര്‍ പറഞ്ഞു. സര്‍ക്കാര്‍ നീതിപൂര്‍വ്വം പെരുമാറുമെന്ന് ഉറപ്പാകുന്ന ആ നിമിഷം നാട്ടിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സാക്കിര്‍ നായിക്ക് ഇന്ന് ഇന്ത്യയിലേക്കു വിമാനമേറുമെന്നു മുതിര്‍ന്ന മലേസ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2016ലാണ് സാക്കിര്‍ നായിക് ഇന്ത്യവിട്ടത്. അതിനു ശേഷം മലേസ്യയിലെ പുത്രജയയിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദഹത്തിന് അവിടെ സ്ഥിരവാസത്തിനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിരുന്നു.

സാക്കിര്‍ നായിക് മലേസ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേസ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. എന്നാല്‍, സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് 'റെഡ് കോര്‍ണര്‍ നോട്ടിസ്' പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. ഇന്‍ര്‍പോള്‍ നോട്ടീസ് ഇല്ലാതെ സാക്കിറിനെ വിട്ടുനല്‍കില്ലെന്ന് മലേസ്യയും അറിയിച്ചിരുന്നു.

അതേ സമയം, മലേസ്യയില്‍ നജീബ് റസാഖിന്റെ ഭരണം മാറിയ ശേഷം വന്ന പുതിയ സര്‍ക്കാര്‍ സാക്കിര്‍ നായികിന്റെ കാര്യത്തിലുള്ള നിലപാടില്‍ മാറ്റം വരുത്തിയതായാണ് റിപോര്‍ട്ടുകള്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സാക്കിറിനെതിരേ പ്രാദേശിക നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് മലേസ്യന്‍ ആഭ്യന്തര മന്ത്രി ഈയിടെ വ്യക്തമാക്കിയിരുന്നു.

വിദ്വേഷപ്രസംഗത്തിലൂടെ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുന്നു എന്നാണ് സാക്കിറിനെതിരേ എന്‍ഐഎ ഉയര്‍ത്തുന്ന പ്രധാന ആരോപണം.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top