സതീദേവിയെ ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ സംഭവം : ബി.ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തുതിരുവനന്തപുരം : ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി. സതീദേവിയെ ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിനാണ് പി. സതീദേവിയെ ചര്‍ച്ചക്കിടെ പരസ്യമായി ബി.ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയത്.
അഭിപ്രായം പറയുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അക്രമങ്ങള്‍ അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്ന്‍ പറഞ്ഞു. സ്ത്രീകള്‍ തുറന്ന് സംസാരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിലപാട്. സ്ത്രീകളുടെ ജനാധിപത്യപരമായ അഭിപ്രായങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടേണ്ടതില്ല.
അതവരുടെ അവകാശമാണ്. സ്ത്രീകളുടെ ശബ്ദം അഹിതമായി തോന്നുന്നവര്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതില്‍ അത്ഭുതമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. സ്ത്രീ സംഘടനകള്‍ നിലകൊള്ളുന്നത് സ്ത്രീസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ്. കേരളത്തിലെ ഒരു മഹിളാ പ്രസ്ഥാനത്തിന്റെ ഭാരവാഹിയായ സതീദേവി സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്നത് അവരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ്. അതിനാല്‍ ഇത്തരം ഭീഷണികള്‍ ഗൗരവമായി കാണേണ്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. കേസിന്റെ തുടര്‍നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും എം സി ജോസഫെയ്ന്‍ അറിയിച്ചു.

RELATED STORIES

Share it
Top