Flash News

ഞങ്ങള്‍ ബനാന റിപബ്ലിക്കല്ല; കാനഡ മാപ്പ് പറയണം: സൗദി അറേബ്യ

ഞങ്ങള്‍ ബനാന റിപബ്ലിക്കല്ല; കാനഡ മാപ്പ് പറയണം: സൗദി അറേബ്യ
X


യൂനൈറ്റഡ് നാഷന്‍സ്: ഇരു രാജ്യങ്ങളും തമ്മിലുള്ള നയനതന്ത്ര തര്‍ക്കം പരിഹരിക്കണമെങ്കില്‍, വനിതാ മനുഷ്യാവാകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട കാനഡ മാപ്പ് പറയണമെന്നും രാജ്യത്തെ ബനാന റിപബ്ലിക്കായി പരിഗണിക്കുന്നത് അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ.

ആഗസ്ത് മാസത്തില്‍ സൗദി അറേബ്യ കാനഡയുമായുള്ള എല്ലാ പുതിയ വ്യാപാരങ്ങളും മരവിപ്പിക്കുകയും ധാന്യ ഇറക്കുമതി അവസാനിപ്പിക്കുകയും കനേഡിയന്‍ അംബാസഡറെ പുറത്താക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ആവശ്യപ്പെട്ട സാമൂഹിക പ്രവര്‍ത്തകരെ സൗദി അറേബ്യ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടതിനായിരുന്നു നടപടി.

യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടെ സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ജുബൈറുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

ഒരു രാജ്യം അവിടെയിരുന്നു ഞങ്ങള്‍ക്ക് ക്ലാസെടുക്കുന്നതും ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും അന്യായമാണ്. ക്യൂബെക് പ്രവിശ്യക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കനേഡിയന്‍ ഇന്ത്യക്കാര്‍ക്ക് തുല്യാവകാശങ്ങള്‍ നല്‍കണമെന്നും ഞങ്ങള്‍ കാനഡയോട് ആവശ്യപ്പെട്ടാല്‍ എങ്ങിനെയുണ്ടാവും- ന്യൂയോര്‍ക്കില്‍ നടന്ന ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലില്‍ അല്‍ജുബൈര്‍ പറഞ്ഞു.

മനുഷ്യാവകാശത്തിന്റെയും സ്ത്രീകളുടെ അവകാശത്തിന്റെയും പേരില്‍ നിങ്ങള്‍ക്ക് ഞങ്ങളെ വിമര്‍ശിക്കാം. അത് മറ്റുള്ളവരും ചെയ്യുന്നതാണ്. എന്നാല്‍, അറസ്റ്റ് ചെയ്തവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങളെന്താ ബനാന റിപ്ലിക്കാണോ? -ആല്‍ജുബൈര്‍ ചോദിച്ചു.

പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തക സമര്‍ ബദവി, അവരുടെ സഹോദരനും പ്രമുഖ ബ്ലോഗറുമായ റാഇഫ് ബദവി എന്നിവരുടെ അറസ്റ്റിനെ ചൊല്ലിയാണ് കാനഡയുടെ വിമര്‍ശനം ഉയര്‍ന്നത്. ഓണ്‍ലൈനില്‍ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചതിന് റാഇഫ് ബദവിയെ 10 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും പരസ്യമായി ചാട്ടവാറടിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. റാഇഫ് ബദവിയുടെ ഭാര്യയും കുട്ടികളും കാനഡയില്‍ താമസിക്കുന്നവരും കനേഡിയന്‍ പൗരത്വമുള്ളവരുമാണ്.
Next Story

RELATED STORIES

Share it