നാലംഗ കുടുംബം ആത്മഹത്യചെയ്ത നിലയില്‍; പിന്നില്‍ അയല്‍വാസിയുടെ അപവാദപ്രചരണമെന്ന് ആത്മഹത്യകുറിപ്പ്


മാനന്തവാടി: നാലംഗകുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ്(45), ഭാര്യ മിനി(40), മക്കളായ അനുശ്രീ(17), അഭിനവ് (12) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യചെയ്യുന്നതിന് പിന്നില്‍ അയല്‍വാസിയുടെ അപവാദപ്രചരണമെന്ന് എഴുതിവെച്ച ആത്മഹത്യകുറിപ്പ് പോലിസ് കണ്ടെടുത്തു. ആത്മഹത്യചെയ്ത വിനോദിന്റെയും ഭാര്യയുടേതുമായ ഏഴ് കുറിപ്പുകളാണുള്ളത്. വിനോദിനെയും ഒരു സ്ത്രീയേയും കുറിച്ച് അയല്‍വാസികളോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചരണം നടത്തിയ ഡി എന്‍ നാരായണന്‍ എന്ന വ്യക്തിയുടെ നടപടിയില്‍ മനംനൊന്താണ് താനും കുടുംബവും ജീവനൊടുക്കുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്. പോലീസ്,അടുത്ത സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം,കുടുംബശ്രീ,തിടങ്ങഴി നാട്ടുകാര്‍ തുടങ്ങി ഏഴ് വിഭാഗങ്ങള്‍ക്കായാണ് കത്ത് എഴുതിയിരിക്കുന്നത്. അയല്‍വാസിയായ ഷിജുവിന്റെ തോട്ടത്തിലെ കശുമാവിലാണ് നാല് പേരെയും തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. മികച്ച ക്ഷീരകര്‍ഷകനായ വിനോദ് ആത്മഹത്യചെയ്യാനിടയാക്കിയ കാരണങ്ങളെ കുറിച്ച് തുടക്കം മുതലേ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഒടുവില്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യകുറിപ്പുകളിലാണ് തങ്ങള്‍ ജീവനൊടുക്കാനുണ്ടായിരുന്ന കാരണം വിശദീകരിക്കുന്നത്. നാല് പേരും തൂങ്ങിമരിച്ചതാണെന്നാണ് സാഹചര്യതെളിവുകള്‍ വ്യക്തമാക്കുന്നതെന്ന് മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യ അറിയിച്ചു. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ശീതളപാനീയത്തിന്റെ സാമ്പിള്‍ മെഡിക്കല്‍ ലാബിലേക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി. മിനിയുടെ ബാഗും സമീപത്ത് നിന്നും കണ്ടെത്തി. ദിവസവും 100 ലിറ്ററിലധികം പാലളക്കുന്ന വിനോദിന് കര്‍ണാടകയില്‍ വാഴക്കൃഷിയുമുണ്ട്. മകന്‍ അഭിനവ് മുതിരേരി സര്‍വോദയ യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.

RELATED STORIES

Share it
Top