മണിയുടെ മരണം : സിനിമയുടെ ക്ലൈമാക്‌സിന്‍മേല്‍ സിബിഐ വിനയന്റെ മൊഴിയെടുത്തുതിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന സിനിമയുടെ ക്ലൈമാക്‌സിനെ സംബന്ധിച്ച വിവരങ്ങളാണ് സിബിഐ വിനയനോട് തേടിയത്. സിബിഐയുടെ തിരുവനന്തപുരം യൂനിറ്റ് ഓഫിസിലെത്തിയാണ് വിനയന്‍ മൊഴി നല്‍കിയത്. 45 മിനിട്ട് നേരം വിനയനില്‍ നിന്ന് സിബിഐ വിവരങ്ങള്‍ തേടി. കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കലാകാരനെന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്‌സിനു നല്‍കിയതാണെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും വിനയന്‍ പറയുന്നു. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീക്കാനായില്ല. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

RELATED STORIES

Share it
Top