മക്കാ മസ്ജിദ് കേസിലെ ജഡ്ജി ബിജെപിയില്‍ ചേര്‍ന്നത് അനഭിലഷണീയ പ്രവണത: സുധീരന്‍മക്കാ മസ്ജിദ് സ്‌ഫോടന കേസുകളില്‍ വിധി പറഞ്ഞ ജഡ്ജി രവീന്ദ്രര്‍ റെഡ്ഢി ബി.ജെ.പിയില്‍ ചേരുന്നതായ വാര്‍ത്ത തുറന്നുകാണിക്കുന്നത് ജുഡീഷ്യറിയില്‍ ഉണ്ടാകുന്ന അനഭിലഷണീയ പ്രവണതകളെയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
പ്രസ്തുത കേസിലെ മുഖ്യ പ്രതിയായ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ തന്നെ രവീന്ദര്‍ റെഡ്ഡി തല്‍സ്ഥാനം രാജി വച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായിരുന്നു.
രാഷ്ട്രീയ ഭാഗ്യാന്വേഷികളായ ഇത്തരക്കാരാണ് ജുഡീഷ്യറിയിലെ പുഴുക്കുത്തുകള്‍. അവരാണ് ഈ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരെ സ്വാധീനിക്കാനും പ്രലോഭിപ്പിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും ശ്രമിക്കുന്ന സ്ഥാപിത താല്‍പര്യക്കാര്‍ എന്നും സജീവമായിരുന്നു. ചിലരെങ്കിലും ഇത്തരം ശക്തികളുടെ വരുതിയില്‍ വീണുപോകാറുമുണ്ട്. രവീന്ദര്‍ റെഡ്ഡി അത്തരക്കാരുടെ പട്ടികയില്‍ പെടുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണല്ലോ വിധി പറഞ്ഞ ശേഷം രാജി വച്ചതും ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും.
എന്നാല്‍ ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറു പുലര്‍ത്തി സത്യത്തിന്റെ പാതയിലൂടെ മുന്നോട്ടു പോകുന്ന ജഡ്ജിമാരുടെ സാന്നിധ്യവും ജനങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ട്. സ്വന്തം ഉത്തരവാദിത്വം നിര്‍ഭയമായി നിറവേറ്റുന്ന അത്തരം ജഡ്ജിമാര്‍ ജുഡീഷ്വറിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കുന്നു.
ഈ വിഭാഗത്തില്‍ പെടുന്ന ജഡ്ജിമാരില്‍ ചിലരുടെ നേരെയെങ്കിലും വന്‍ ഭീഷണി ഉയരാറുണ്ട്. ജസ്റ്റിസ് ലോയയുടെ നേരെ ഇത്തരം ഭീഷണികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെന്നാണ് വ്യാപകമായി വിശ്വസിക്കപെടുന്നത്. അദ്ദേഹത്തിന്റെ ദുരൂഹ മരണത്തില്‍ ഉയരുന്ന ചോദ്യവും ഇത് തന്നെയാണെന്നും വി എം സുധീരന്‍ പറഞ്ഞു.

RELATED STORIES

Share it
Top