ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള സ്ത്രീകളെ ഗാര്‍ഡ് റൂമിനടുത്ത് തടഞ്ഞുപമ്പ: ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെ ഗാര്‍ഡ് റൂമിനടുത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. ഒമ്പതേമുക്കാലോടെയാണ് സ്ത്രീകള്‍ പമ്പയിലെത്തിയത്. ഗുണ്ടൂര്‍ സ്വദേശിനികളായ വാസന്തി(45)യും ആദിശേഷിപ്പു(42)മാണ് ദര്‍ശനം നടത്താനെത്തിയത്. ഇവര്‍ പമ്പയില്‍ നിന്ന് അമ്പത് മീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തടഞ്ഞു.
തുടര്‍ന്ന് പൊലിസെത്തി ഇവരെ ഗാര്‍ഡ് റൂമിലേയ്ക്ക് മാറ്റി. തെലുങ്ക് മാത്രമേ ഇവര്‍ക്ക് സംസാരിയ്ക്കാനാകുന്നുള്ളൂ. തുടര്‍ന്ന് തെലുങ്കറിയാവുന്ന പൊലീസുദ്യോഗസ്ഥരെത്തിയാണ് ഇവരുടെ പ്രായമുള്‍പ്പടെ ചോദിച്ചറിഞ്ഞത്. ഇവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ശബരിമലയിലെത്തിയത്. എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷന്‍മാര്‍ മല കയറും. ഇവര്‍ താഴെ കാത്തിരിയ്ക്കും. എന്നാല്‍ ഇത്തവണ പമ്പയിലെത്തിയപ്പോള്‍ ആരും ഇവരെ തടഞ്ഞില്ല. തുടര്‍ന്ന്, മല കയറാന്‍ തീരുമാനിയ്ക്കുകയായിരുന്നെന്നാണ് ഇവര്‍ പൊലിസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പ്രതിഷേധ ശക്തമായതോടെ മല കയറണമെന്നില്ല എന്ന് ഇവര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top