ഹാറൂണ്‍ യഹ്‌യ തുര്‍ക്കിയില്‍ അറസ്റ്റില്‍


ആങ്കറ:  കുപ്രസിദ്ധ ടെലിവിഷന്‍ മതപ്രബോധകനും ഹാറൂണ്‍ യഹ്‌യ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായ അദ്‌നാന്‍ ഒക്തര്‍ തുര്‍ക്കിയില്‍ അറസ്റ്റിലായി. വഞ്ചന, ലൈംഗികാതിക്രമം, ബാല ലൈംഗിക പീഡനം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തുര്‍ക്കി പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇസ്തംബുളിലായിരുന്നു അറസ്റ്റ്.

വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇസ്തംബൂള്‍ പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അദ്‌നാന്‍ ഒക്തറിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലിസ് പിടിച്ചെടുത്തതായി തുര്‍ക്കിഷ് ദിനപത്രം ഹുറിയത് റിപ്പോര്‍ട്ട് ചെയ്തു.

ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്‌നാന്‍ ഒക്തര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ സംഘടന രൂപീകരിക്കല്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കല്‍, പീഡനം, വ്യക്തിഗത വിവരങ്ങള്‍ നിയമവിരുദ്ധമായി റെക്കോഡ് ചെയ്യല്‍, രാഷ്ട്രീയ-സൈനിക ചാരപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ഒക്തറിനും കൂട്ടാളികള്‍ക്കുമെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.

ഒക്തറിന്റെ 235 ഓളം അനുയായികള്‍ക്കെതിരെ തുര്‍ക്കി പോലീസ് അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇതില്‍ 79 ആളുകള്‍ അറസ്റ്റിലായി. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയാണ് പോലിസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിയത്.

സ്വന്തം ടെലിവിഷന്‍ ചാനലായ എ9ല്‍ അദ്‌നാന്‍ ഓക്തര്‍ അവതരിപ്പിക്കുന്ന ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം കിറ്റന്‍സ് എന്ന് വിശേഷിപ്പിക്കുന്ന സ്ത്രീകളുടെ നൃത്ത പരിപാടികളും ഉള്‍പ്പെടുത്താറുണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്‌ലാമിക പണ്ഡിതരില്‍ നിന്ന് ഇതിനെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ഒക്തറിന്റെ മാനസിക നില തകരാറിലായെന്നാണ് തുര്‍ക്കി ഇസ്‌ലാമിക കാര്യ വിഭാഗം മേധാവി അലി എര്‍ബാസ് വിശേഷിപ്പിച്ചത്.

അറസ്റ്റിന് ശേഷം വൈദ്യ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇസ്തംബൂളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ ബ്രിട്ടീഷ് ഗൂഢാലോചനയുണ്ടെന്ന് ഒക്തര്‍ ആരോപിച്ചു.

സ്ത്രീകളെ അപമാനിക്കുകയും ലിംഗ സമത്വം ലംഘിക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് തുര്‍ക്കി ഓഡിയോ വിഷ്വല്‍ അതോറിറ്റി പല തവണ അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലൈംഗിക ആരാധനാ രീതി പിന്തുടരുന്ന അനുയായി വൃന്ദത്തെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു ഹാറൂണ്‍ യഹ്യ എന്ന ആരോപണവുമുണ്ട്.

പരിണാമ സിദ്ധാദ്ധത്തിനെതിരേ നിരവധി പുസ്തകങ്ങളും വീഡിയോകളും ഒക്തര്‍ തയ്യാറാക്കിയിരുന്നു. ലോകത്തെ നാസ്തികതയിലേക്കും അക്രമങ്ങളിലേക്കും നയിക്കുന്നത് പരിണാമ സിദ്ധാന്തമാണെന്നാണ് ്‌ദ്ദേഹത്തിന്റെ അഭിപ്രായം.

ഹാറൂണ്‍ യഹ്‌യ എന്ന പേരില്‍ 300ലേറെ പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളതായി അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. ഇത് 73 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്ക് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിരവധി വായനക്കാരുണ്ടായിരുന്നു. ടെലിവിഷന്‍ ഷോകളും നിരവധി പേരെ ആകര്‍ഷിച്ചിരുന്നു.

RELATED STORIES

Share it
Top