വ്യാജ എയര്‍ ടിക്കറ്റ് നല്‍കി 90 ലക്ഷം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍



ചാവക്കാട്: ഖത്തര്‍ മലയാളികള്‍ക്ക് വ്യാജ എയര്‍ ടിക്കറ്റ് നല്‍കി ചാവക്കാട് സ്വദേശികളില്‍ നിന്നും 90 ലക്ഷം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ ചെറുപുഴ അരിയിരുത്തി അലവേലില്‍ ഷമീര്‍ മുഹമ്മദി(30)നേയാണ് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ വി രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ അനില്‍മാത്യു, സാബുരാജ് എന്നിവരുള്‍പ്പെട്ട പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് പാലയൂര്‍ സ്വദേശികളായ ഷിയാസ്, ജാഫര്‍ സാദിക്ക്, ഷംസാദ് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ പെരുന്നാള്‍ സമയത്ത് ആറ് കുടുംബങ്ങള്‍ക്ക് ഖത്തറില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി സംഘം വ്യാജ എയര്‍ ടിക്കറ്റുകള്‍ നല്‍കി പണം തട്ടുകയായിരുന്നു. ഇന്റര്‍നെറ്റ് കഫേയും ട്രാവല്‍ ഏജന്‍സിയുമുള്ള സംഘം വിമാന കമ്പനിയുടെ എയര്‍ ടിക്കറ്റ് സ്വയം നിര്‍മ്മിച്ചു നല്‍കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ സഹോദരന്‍ ഷമീം മുഹമ്മദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസില്‍ ഷമീര്‍ മുഹമ്മദിന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലിസ് പറഞ്ഞു. കേസില്‍ മുഖ്യ പ്രതി പിടിയിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. പാവറട്ടി, കോഴിക്കോട്, ചെറുപുഴ സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് പരാതികള്‍ ലഭിച്ചിട്ടുള്ളത്. അറസ്റ്റിലായ മുഖ്യപ്രതിയുമായി പോലിസ് ഇന്ന് കണ്ണൂരിലെത്തി തെളിവെടുപ്പ് നടത്തും.



RELATED STORIES

Share it
Top