ക്ലാസ് നടന്നു കൊണ്ടിരിക്കെ തിരൂര്‍ എംഇഎസ് സ്‌കൂളിലെ ക്ലാസ് മുറികള്‍ താഴ്ന്നുതിരൂര്‍: രാവിലെ ക്ലാസ് നടന്നു കൊണ്ടിരിക്കെ തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ ഏതാനും ക്ലാസ് മുറികള്‍ താഴ്ന്നു. ഒന്നര മീറ്ററോളം അടിയിലേക്കാണ് ഭീതിജനകമായ രീതിയില്‍ താഴ്ന്നത്. ബെഞ്ച് ഇരുന്നിരുന്ന കുട്ടികളോടൊപ്പം താഴ്ന്നതോടെ ഭൂമികുലുക്കമാണെന്ന് ധരിച്ച് എല്ലാവരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്‍ബെഞ്ചിലെ കുട്ടികള്‍ ഓടുന്നത് കണ്ടതോടെ ബാക്കി കുട്ടികളെല്ലാം പിന്നാലെ ഓടുകയായിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയം സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആറാം ക്ലാസിലെ മുറികളാണ് താഴ്ന്നത്. തറ താഴുക മാത്രമല്ല, ഭിത്തികള്‍ പൊട്ടിയതായും കാണുന്നുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഓടിയെത്തി ക്ലാസില്‍ നിന്ന് കുട്ടികളെ മുഴുവന്‍ പുറത്തിറക്കുകയായിരുന്നു. 150 ഓളം കുട്ടികളാണ് ഈ ക്ലാസുകളില്‍ പഠിച്ചിരുന്നത്.
നാലുവര്‍ഷം മുന്‍പ് രക്ഷിതാക്കളുടെ പരാതിയില്‍ 25 ഓളം ക്ലാസുകള്‍ നടന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ആര്‍ഡിഒ അടച്ചുപൂട്ടിയിരുന്നു. അതിനടുത്തുള്ള കെട്ടിടമാണ് ഇപ്പോള്‍ വീണ്ടും അപകട ഭീഷണിയിലായിരിക്കുന്നത്. അനുവാദം വാങ്ങാതെ ഏറെ കെട്ടിടങ്ങള്‍ നിര്‍മിച്ച എംഇഎസ് സ്‌കൂളിനെതിരെ നഗരസഭയിലും ആര്‍ഡിഒക്കും മുമ്പിലും നിരവധി പരാതികളുണ്ട്. അതിനിടയിലാണ് കെട്ടിടത്തിലെ ക്ലാസുകള്‍ താഴ്ന്നത്.ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസിലെ തറ താഴ്ന്നത് രക്ഷിതാക്കളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ നിലയിലെ ക്ലാസുകളെല്ലാം അടച്ചുപൂട്ടാനും വിദഗ്ധ എന്‍ജിനിയര്‍മാരുടെ പരിശോധനക്കു ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കാനും രക്ഷിതാക്കളും സ്‌കൂള്‍ കമ്മിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ക്ലാസ് മുറികള്‍ താഴ്ന്ന വിവരമറിഞ്ഞ് നഗരസഭാധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നു. 2014ല്‍ നഗരസഭ പൊളിച്ചുമാറ്റാന്‍ ഉത്തരവ് നല്‍കിയ കാര്യം മറച്ചുവെച്ച് കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്തിയപ്പോഴാണ് രക്ഷിതാക്കളില്‍ ചിലര്‍ ആര്‍ഡിഒ മുമ്പാകെ പരാതി നല്‍കിയത്. ആര്‍ഡിഒ പരാതി തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളജിലെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറുകയും അഞ്ചംഗ വിദഗ്ധ സമിതി പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൂട്ടുകയുമായിരുന്നു. വേണ്ടത്ര പൈലിങ് നടത്താതെ ചതുപ്പ് നിലത്ത് കെട്ടിടം നിര്‍മിച്ചതാണ് അപകടാവസ്ഥയിലാവാന്‍ കാരണമെന്നാണ് തൃശൂര്‍ എന്‍ജിനിയറിങ് കോളജിലെ വിദഗ്ധര്‍ കണ്ടെത്തിയിരുന്നത്. സില്‍വര്‍ജൂബിലി കെട്ടിടത്തിന്റെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടായിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെ തന്നെ രക്ഷിതാക്കള്‍സ്‌കൂളിലെത്തുകയും കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിലെ കെട്ടിടങ്ങളുടെയെല്ലാം സുരക്ഷാ പരിശോധന അടിയന്തിരമായി നടത്തണമെന്ന ആവശ്യം ബന്ധപ്പെട്ടവര്‍ അംഗീകരിച്ചിട്ടുണ്ട്. 3000 ഓളം കുട്ടികള്‍ പഠിക്കുന്ന എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മ വലിയ പ്രശ്‌നമായി വരും നാളുകളില്‍ ഉയരുമെന്ന് ഉറപ്പാണ്. തകര്‍്ന്ന ക്ലാസ് മുറികള്‍ ആരുമറിയാതെ കോണ്‍ക്രീറ്റ് ചെയ്ത് ശരിയാക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ ശ്രമം രക്ഷിതാക്കളും നഗരസഭയും ഇടപെട്ട് തടയുകയായിരുന്നു

RELATED STORIES

Share it
Top