ഏഷ്യന്‍ ഗെയിംസിലെ പെണ്‍തിലകങ്ങള്‍


ന്യൂഡല്‍ഹി: പുരുഷന്‍മാരും വനിതകളും ഇന്ത്യക്കായി മെഡല്‍ക്കൊയ്ത്ത് നടത്തിയ 18ാമത് ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങിയവര്‍ ഒരുപാട് പേര്‍. ഇതില്‍ ഷൂട്ടിങില്‍ വെള്ളി നേടിയ 15 വയസ്സുകാരനായ ഷാര്‍ദുല്‍ വിഹാന്‍ മുതല്‍ ബ്രിഡ്ജ് പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയ 60 വയസ്സുള്ള പ്രണബ് ബര്‍ദന്‍ വരെ ഇന്ത്യന്‍ യശസ്സ് ഉയര്‍ന്നു നില്‍ക്കുന്നു. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം 69 മെഡല്‍ നേടി എക്കാലത്തെയും മികച്ച പ്രകടനമാണ് ഇന്തോനീസ്യയില്‍ സമാപിച്ച 18ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കാഴ്ച വച്ചത്.
ബ്രിഡ്ജ്, കുറാഷ് അടക്കം ആദ്യമായി വിജയിച്ച മല്‍സരങ്ങളും 20 വര്‍ഷത്തിനു ശേഷം ഹോക്കിയിലെ വനിതാ ടീമിന്റെ ഫൈനല്‍ പ്രവേശനവും ഇന്ത്യയുടെ നേട്ടങ്ങളിലുള്‍പ്പെടുന്നു.
തുഴച്ചിലില്‍ മിക്‌സഡ് വിഭാഗത്തില്‍ പങ്കെടുത്ത ഒരേയൊരു വനിതയായ ഹര്‍ഷിത തോമര്‍ അടക്കമുള്ളവര്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ പട്ടിക ഉയര്‍ത്തി. മറ്റു മല്‍സരാര്‍ഥികളെല്ലാം പുരുഷന്‍മാരായിരുന്ന തുഴച്ചിലില്‍ വെങ്കലമെഡലാണ് 16കാരിയായ ഹര്‍ഷിത നേടിയത്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ മെഡല്‍ ജേതാവാകുകയും ചെയ്തു ഹര്‍ഷിത തോമര്‍.


സ്പ്രിന്റ് താരം ഹിമ ദാസ് ആണ് ഇന്ത്യക്കായി ഗെയിംസില്‍ മെഡല്‍ നേട്ടമുണ്ടാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരം. 400 മീറ്റര്‍ ഓട്ടത്തില്‍ 14 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡാണ് യോഗ്യതാ റൗണ്ടില്‍ ഹിമ ദാസ് തകര്‍ത്തത്. 400 മീറ്ററില്‍ വെള്ളിമെഡല്‍ നേടിയ ഹിമദാസ് ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രമാണ് ഈ ഇനത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ പങ്കെടുത്തത്. 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാമത് സ്വര്‍ണ നേട്ടത്തിലും ഹിമ പങ്കാളിയായി. മിക്‌സഡ് വിഭാഗം റിലേയില്‍ ഹിമ ദാസ് ഉള്‍പ്പെട്ട ടീം വെള്ളിയും നേടി.


ഹെപ്റ്റാത്‌ലണില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ച ചരിത്രനേട്ടത്തില്‍ പങ്കാളിയായ പശ്ചിമബംഗാള്‍ സ്വദേശി സ്വപ്‌ന ബര്‍മനാണ് ഗെയിംസില്‍ ശ്രദ്ധേയയായ മറ്റൊരു വനിതാ താരം. പശ്ചിമബംഗാളിലെ ജല്‍പയ്ഗുരി സ്വദേശിയാണ് സ്വപ്‌ന. ഇത്തവണ ഗെയിംസില്‍ ഉള്‍പ്പെടുത്തിയ കുറാഷ് ഗുസ്തി ഇനത്തില്‍ ഇന്ത്യയുടെ പിങ്കി ബല്‍ഹാര വെള്ളി നേടി. ഗെയിംസിലേക്കുള്ള പരിശീലനത്തിന് പിങ്കിക്ക് ഗ്രാമവാസികള്‍ പണം പിരിച്ചുനല്‍കിയ സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.


50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി വനിതാ വിഭാഗം ഇനത്തില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് (23) സ്വര്‍ണമെഡല്‍ നേടിയത് ചരിത്രമാവുകയും ചെയ്തു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടത്തിനും വിനേഷ് ഫോഗത് ഉടമയായി. പരിക്കേറ്റിട്ടും മല്‍സരത്തിനിറങ്ങി സ്വര്‍ണമെഡലിനര്‍ഹയായ റാഹി സര്‍ണോബതിന്റേതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഷൂട്ടിങ് താരമായി സര്‍ണോബത്.

RELATED STORIES

Share it
Top