പെനല്‍റ്റി തുലച്ച് മെഹ്‌റസ്, കരുത്തന്‍മാര്‍ തമ്മിലുള്ള മല്‍സരം സമനില


ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റുള്ള ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും തമ്മില്‍ നടന്ന മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ജയിച്ചാല്‍ ഒന്നാം സ്ഥാനം തനിച്ച് അലങ്കരിക്കാമെന്ന അവസരമാണ് ഇരു ടീമും തുലച്ചത്. മല്‍സരത്തില്‍ സിറ്റിക്കായി അവസാന നിമിഷം വീണു കിട്ടിയ പെനല്‍റ്റി സൂപ്പര്‍ താരം റിയാദ് മെഹ്‌റസ് തുലച്ചത് സിറ്റിയുടെ വിജയമോഹത്തിന് ഒരുക്കല്‍ കൂടി കരിനിഴല്‍ വീഴ്ത്തി. അതേസമയം, പെനല്‍റ്റിയിലൂടെ ഗോള്‍ വഴങ്ങിയിരുന്നെങ്കില്‍ ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ചെമ്പടയ്ക്ക് പരാജയ നാണത്തോടെ ബൂട്ടഴിക്കേണ്ടി വരുമായിരുന്നു.
സാദിയോ മാനെ, റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാഹ് ത്രയത്തെ മുന്നില്‍ നിര്‍ത്തി കോച്ച് ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ 4-3-3 എന്ന ഫോര്‍മാറ്റില്‍ ചരടു വലിച്ചപ്പോള്‍ അതേ ശൈലിയിലാണ് പെപ് ഗ്വാര്‍ഡിയോള സിറ്റിയെ നയിച്ചത്. മുന്നേറ്റത്തില്‍ അവസരം ലഭിച്ചതാവട്ടെ, സെര്‍ജിയോ അഗ്യുറോ, റിയാദ് മെഹ്‌റസ്, റഹീം സ്റ്റെര്‍ലിങ് എന്നീ വെറ്ററന്‍ ഫുട്‌ബോളര്‍മാര്‍ക്ക്. രണ്ട് തുല്യ ശക്തികള്‍ മല്‍സരിച്ചപ്പോള്‍ ഇരുടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട കളിയാണ് ആന്‍ഫീല്‍ഡില്‍ പുറത്തെടുത്തത്. പന്തടക്കത്തിലും ഗോള്‍ ഉതിര്‍ക്കുന്നതിവും ഒപ്പത്തിനൊപ്പമാണ് ഇരുവരും മുന്നേറിയത്. ഇരുടീമും ആക്രമണവും മധ്യനിരയും പ്രതിരോധവും കടുപ്പിച്ച് കളിച്ചതോടെ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. ഗോള്‍ രഹിതമായി മുന്നേറുകയായിരുന്ന മല്‍സരത്തില്‍ 86ാം മിനിറ്റില്‍ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് പെനല്‍റ്റി ഭാഗ്യം ലഭിച്ചത്.
വിര്‍ജില്‍ വാന്‍ഡിജിക്ക് മാഞ്ചസ്റ്റര്‍ സിറ്റി താരം ലിറോയ് സാനെയെ ബോക്‌സില്‍ വീഴ്ത്തിയതിന് സിറ്റിക്കനുകൂലമായി പെനല്‍റ്റി. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ് പെനല്‍റ്റി എടുക്കാന്‍ വന്നെങ്കിലും പന്ത് ചോദിച്ച് വാങ്ങി മെഹ്‌റസ് കിക്കെടുക്കാന്‍ തയ്യാറായി. അലിസണെ കീഴടക്കി സിറ്റിയെ മുന്നില്‍ എത്തിക്കാന്‍ ഉള്ള അവസരം എന്നാല്‍ മെഹറസ് തുലച്ചു. മെഹ്‌റസിന്റെ കിക്ക് ബാറിനും മുകളിലൂടെ ആകാശത്തേക്ക് പറഞ്ഞു. മല്‍സരം ഗോള്‍രഹിതമായി അവസാനിക്കുകയും ചെയ്തു.
സമനില വഴങ്ങിയെങ്കിലും സിറ്റിയാണ് ഇപ്പോഴും ലീഗില്‍ തലപ്പത്ത്. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍ എന്നീ മൂന്ന് ടീമുകള്‍ക്കും 20 പോയന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ പിന്‍ബലത്തില്‍ സിറ്റി മുന്നിലെത്തുകയായിരുന്നു.

RELATED STORIES

Share it
Top