Cricket

ടെസ്റ്റില്‍ വിരാട് കോഹ്്ലി: വിജയിച്ച ബാറ്റ്‌സ്മാനോ പരാജിതനായ ക്യാപ്റ്റനോ?

ടെസ്റ്റില്‍ വിരാട് കോഹ്്ലി: വിജയിച്ച ബാറ്റ്‌സ്മാനോ പരാജിതനായ ക്യാപ്റ്റനോ?
X

ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-4ന് പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോഹ്‌ലി പരാജയമാണെന്ന് വിലയിരുത്തുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ കോഹ്‌ലി കൂടുതല്‍ മെച്ചപ്പെട്ടു വരുകയാണെന്ന് ഈ പരമ്പര തെളിയിക്കുന്നു. രണ്ട് സെഞ്ച്വറികളും മൂന്ന് അര്‍ധശതകങ്ങളുമടക്കം 593 റണ്‍സാണ് ഈ പരമ്പരയില്‍ കോഹ്‌ലി കീശയിലാക്കിയത്. 59.3 എന്ന മികച്ച റണ്‍ ശരാശരിയോടെ. അതും ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ട്. മറുഭാഗത്ത് ശിഖര്‍ ധവാന്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്ന കാഴ്ചയായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഏറ്റവുമധികം വിജയം നേടിത്തന്ന ക്യാപ്റ്റന്‍മാരില്‍ രണ്ടാം സ്ഥാനത്താണ് കോഹ്്‌ലി. എംഎസ് ധോണിയാണ് മുന്നില്‍. 60 ടെസ്റ്റുകളില്‍ 27 എണ്ണം വിജയിപ്പിക്കാന്‍ ധോണിക്കായി. 49 ടെസ്റ്റുകളില്‍ 21 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച സൗരവ് ഗാംഗുലിയായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ 23 എണ്ണത്തില്‍ ടീമിനു വിജയം നേടിക്കൊടുത്തതോടെ കോഹ്്‌ലി ദാദയെ പിന്നിലാക്കി. 38 ടെസ്റ്റുകളിലാണ് കോഹ്്‌ലി ഇന്ത്യയെ നയിച്ചത്.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ആദ്യ നാല് ടെസ്റ്റുകളില്‍ കോഹ്്‌ലി പരാജയമായിരുന്നു. 2012ല്‍ ഏകദിന ടീം വൈസ് ക്യാപ്റ്റനായ കോഹ്്‌ലി 2014ല്‍ എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചതോടെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായി അവരോധിക്കപ്പെട്ടത്. തുടര്‍ന്ന് ശ്രീലങ്ക (രണ്ടു തവണ), വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ കോഹ്്‌ലിക്കായി.
ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്്റ്റ് പരമ്പര ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നാല്‍ ജോഹനാസ്ബര്‍ഗില്‍ നടന്ന അവസാന ടെസ്റ്റില്‍ ആശ്വാസ ജയം നേടാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് നഷ്മായെങ്കിലും അവരുടെ തട്ടകത്തില്‍ രണ്ടു ടെസ്റ്റ് ജയിക്കാനായത് ഇന്ത്യക്ക് നേട്ടമായി. വിശേഷിച്ച് കോഹ്്‌ലിക്ക്. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ടെസ്റ്റില്‍ 203 റണ്‍സിന് ഇന്ത്യ വിജയിച്ചതോടെയാണ് കോഹ്്‌ലി ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി മാറിയത്.
1932 മുതല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ 17 ടെസ്റ്റ് പരമ്പരകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നു തവണയേ വിജയിക്കാനായുള്ളൂ. അജിത് വഡേക്കര്‍ (1971), കപില്‍ ദേവ് (1986), രാഹുല്‍ ദ്രാവിഡ് (2007) എന്നിവരുടെ കീഴില്‍.
ഇക്കഴിഞ്ഞ പരമ്പരയിലെ പരാജയത്തിന് കാരണമായി പറയപ്പെടുന്ന ഒരു കാര്യം ടീം തിരഞ്ഞെടുപ്പാണ്. ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിലെ വിജയത്തില്‍ നിര്‍ണായക ഘടകമായ ചേതേശ്വര്‍ പൂജാരയെ ഒന്നാം ടെസ്റ്റില്‍ നിന്നു മാറ്റിനിര്‍ത്തിയത് ഉദാഹരണം. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് കഴിവിനെ കോഹ്്‌ലി അമിതമായി ആശ്രയിച്ചതും ചോദ്യം ചെയ്യപ്പെടുന്നു. ഒരു അര്‍ധശതകമടക്കം 164 റണ്‍സ് മാത്രമേ ഹര്‍ദികിനു നാലു ടെസ്റ്റുകളില്‍ നിന്നു നേടാനായുള്ളൂ. ശിഖര്‍ ധവാനെ ഓപണിങില്‍ കളിപ്പിച്ചതും പരാജയമായി. 2013ലെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് മുതല്‍ ടെസ്റ്റ് ക്രിക്കറ്റിലെ പ്രബല രാജ്യങ്ങള്‍ക്കെതിരേ ധവാന് മികച്ച ട്രാക് റെക്കോര്‍ഡില്ല. സാങ്കേതികതയിലും ധവാന്‍ പരാജയമാണ്. എട്ട് ഇന്നിങ്‌സുകളിലായി 162 റണ്‍സ് മാത്രം സമ്പാദ്യമുള്ള ഒരു കളിക്കാരനെ എന്തിനാണ് ടീം ഭാരമായി ചുമക്കുന്നത്.
പരമ്പരയില്‍ അഞ്ച് തവണയും ടോസ് നഷ്ടമായ കോഹ്്‌ലിക്ക് പിച്ചിനെ ശരിയായി മനസ്സിലാക്കാനോ യോജിച്ച ടീമിനെ അണിനിരത്താനോ ആയില്ല എന്നതും ക്യാപ്റ്റനെന്ന നിലയിലെ പരാജയമായി വിലയിരുത്തപ്പെടുന്നു. പിച്ചിന് നല്ല ടേണും ബൗണ്‍സുമുള്ള എഡ്ഗ് ബാസ്റ്റണില്‍ രണ്ടാമതൊരു സ്പിന്നറെ കളിപ്പിക്കാതിരുന്നത് ന്യായീകരിക്കാനാവാത്ത തെറ്റാണ്. അതേസമയം സീമര്‍മാരുടെ പറുദീസയായ ലോഡ്‌സില്‍ രണ്ടാമതൊരു സ്പിന്നറെ കളിപ്പിക്കുകയും ചെയ്തു!
Next Story

RELATED STORIES

Share it