യു പിയില്‍ കാര്‍ഡ്രൈവറെ പോലിസ് വെടിവച്ചു കൊന്നുലഖ്‌നൗ: ബൈക്ക് ഇടിച്ചു തെറിപ്പിച്ചുവെന്നാരോപിച്ച് കാര്‍ഡ്രൈവറെ പോലിസ് വെടിവച്ചു കൊന്നു. ആപ്പിള്‍ കമ്പനിയില്‍ സെയില്‍സ് മാനേജരായ വിവേക് തിവാരി (38) ആണ് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഐഫോണ്‍ എക്‌സ് പ്ലസിന്റെ ലോഞ്ചിങ്ങിന് ശേഷം സുഹൃത്ത് സനാ ഖാനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു വിവേക് തിവാരി. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിനടുത്തേക്ക് തങ്ങള്‍ ചെന്നപ്പോള്‍ വാഹനം പെട്ടെന്ന് സ്റ്റാര്‍ട്ടായി തങ്ങളുടെ ബൈക്കില്‍ ഇടിച്ചു എന്നും ഇതേത്തുടര്‍ന്ന് ക്രിമിനലുകളാണ് എ്ന്നു കരുതി വെടിവയ്ക്കുകയായിരുന്നു എന്നുമാണ് പോലിസുകാര്‍ പറയുന്നത്. എന്നാല്‍ വിവേകിനൊപ്പമുണ്ടായിരുന്ന സനാഖാന്‍ ഈ വാദം നിഷേധിച്ചിട്ടുണ്ട്. ബൈക്ക് കുറുകെയിട്ട പോലിസ് തങ്ങളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ആരാണെന്ന് മനസിലാകാത്തതിനാല്‍ വാഹനം നിറുത്തിയില്ല എന്നും ഇതിനിടെ ഒരു പോലിസുകാരന്‍ വെടിവയ്ക്കുകയായിരുന്നുവെന്നും സനാഖാന്‍ പറഞ്ഞു. കാറിന്റെ മുന്‍ഗ്ലാസിലൂടെയായിരുന്നു പോലിസ് വിവേകിനെ വെടിവെച്ചത്. കഴുത്തില്‍ വെടിയേറ്റതിനെത്തുടര്‍ന്ന്് വിവേക് ഓടിച്ചിരുന്ന മഹീന്ദ്ര എക്‌സ്യുവി തൊട്ടടുത്ത പാലത്തിന്റെ തൂണില്‍ ഇടിച്ചു നിന്നു.
ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട് കൊല്ലപ്പെട്ട വിവേകിന്. കാര്‍ നിര്‍ത്താത്തത് വെടിവച്ച് കൊല്ലാന്‍ മാത്രം വലിയ കുറ്റമാണോയെന്ന് വിവേകിന്റെ ഭാര്യ കല്പന ചോദിക്കുന്നു. എന്ത് തരം ക്രമസമാധനമാണ് ഇവിടെയുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കല്‍പന ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top