സുപ്രിം കോടതി വിധി ലൈംഗിക അരാജകത്വം സൃഷ്ടിക്കുമെന്ന് ജമാഅത്തെ ഇസ്്‌ലാമിന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പ് എടുത്ത് കളഞ്ഞ് സ്വവര്‍ഗ രതി നിയമവിധേയമാക്കിയ സുപ്രിം കോടതി വിധിക്കെതിരേ ജമാഅത്തെ ഇസ്്‌ലാമി ഉള്‍പ്പെടെയുള്ള മുസ്്‌ലിം സംഘടനകള്‍ രംഗത്തെത്തി. വിധി ലൈംഗിക ആരജകത്വവും ധാര്‍മിക അധപ്പതനവും സൃഷ്ടിക്കുമെന്നു ജമാഅത്തെ ഇസ്്‌ലാമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഇത് മത നിയമങ്ങള്‍ക്കും പ്രകൃതി നിയമത്തിനും എതിരാണെന്നും അവര്‍ വ്യക്തമാക്കി.

രണ്ടു പേര്‍ക്ക് പരസ്പര സമ്മതത്തോടെ സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന സുപ്രിം കോടതി വിധി നിരാശാജനകമാണെന്ന് ജമാഅത്തെ ഇസ്്‌ലാമി ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എന്‍ജിനീയര്‍ പറഞ്ഞു. സ്ത്രീയും സ്ത്രീയും പുരുഷനും പുരുഷനും തമ്മില്‍ വിവാഹത്തിന് അനുവദിക്കുന്നത് കുടുംബ സംവിധാനത്തെയും മനുഷ്യ കുലത്തിന്റെ പുരോഗതിയെയും തകര്‍ക്കും.

ജമാഅത്തെ ഇസ്്‌ലാമി എല്ലാ പൗരന്മാരുടെയും മൗലിക അവകാശങ്ങളില്‍ വിശ്വസിക്കുന്നു. സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി സംഘടന ശക്തമായി രംഗത്തുണ്ട്. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരില്‍ അരാജകത്വവും ദുര്‍വൃത്തിയും അംഗീകരിക്കാനാവില്ല. ഇത്തരം വൃത്തികെട്ട പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലും മനുഷ്യ സമൂഹത്തെ നശിപ്പിച്ചതും സ്ത്രീകളുടെ അവകാശങ്ങള്‍ വലിയ തോതില്‍ ലംഘിക്കപ്പെട്ടതും നാം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാനമായ അഭിപ്രായം തന്നെയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന മഹ്്മൂദ് മദനിയും പങ്കുവച്ചത്. രാജ്യത്തെ ലൈംഗിക അരാജകത്വം കൂടുതല്‍ രൂക്ഷമാക്കാനേ സുപ്രിം കോടതി വിധി ഉപകരിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന 2013ലെ വിധിയില്‍ സുപ്രിം കോടതി ഉറച്ചു നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വവര്‍ഗ രതി പുരാതന കാലം മുതലേ നിലനിന്നിരുന്നു. എന്നാല്‍, എല്ലാ മതഗ്രന്ഥങ്ങളും ഇതിനെ പ്രകൃതി വിരുദ്ധമായും മാനുഷികതയ്‌ക്കെതിരായ കുറ്റകൃത്യമായുമാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top