സ്വവര്‍ഗ ലൈംഗികത: 2013ലെ വിധി പരിശോധിക്കുമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്ന, 150 വര്‍ഷം പഴക്കമുള്ള നിയമത്തിനെതിരായ ഹരജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നു. സ്വവര്‍ഗ ലൈംഗികതയെ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിയ 2013ലെ വിധിയുടെ സാധുത പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് വാദംകേള്‍ക്കലിനിടെ സുപ്രിം കോടതി വ്യക്തമാക്കി.

സാമൂഹിക സദാചാരത്തോടുള്ള കാഴ്ചപ്പാടിലെ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി, 2013ലെ സുപ്രിം കോടതി വിധിക്കെതിരേ നിരവധി ഹരജികള്‍ വന്ന സാഹചര്യത്തിലാണ് വിഷയം പരിഗണനയ്‌ക്കെടുക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സുപ്രിം കോടതി തീരുമാനിച്ചത്.

എല്‍ജിബിടി കമ്യൂണിറ്റി ഒരു ലൈംഗിക ന്യൂനപക്ഷമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഹരജിക്കാരില്‍ ഒരാളുടെ അഭിഭാഷകനും സര്‍ക്കാരിന്റെ മുന്‍ നിയമ ഓഫിസറുമായി മുകുള്‍ റോഹ്തഗി ചൂണ്ടിക്കാട്ടി. ലൈംഗിക താല്‍പര്യം ഒരാള്‍ സ്വാഭീഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതല്ലെന്നും അത് ജീനുമായി ബന്ധപ്പെട്ടതാണെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി. സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച നിയമം 50 വര്‍ഷം മുമ്പ് സാധുവായിരിക്കാം. എന്നാല്‍, ഇന്ന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വന്ന സാഹചര്യത്തില്‍ അത് അസാധുവാണെന്നും റോഹ്തഗി വാദിച്ചു.

എന്നാല്‍, ഐപിസി സെക്ഷന്‍ 377മായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടുള്ള 2013ലെ സുപ്രിം കോടതി വിധി ശരിയായിരുന്നോ എന്നത് പരിശോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്നത് ദീപക് മിശ്രയാണ്.

വിഷയത്തില്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രിം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് തള്ളിയാണ് കോടതി ഇന്ന് വാദംകേള്‍ക്കല്‍ ആരംഭിച്ചത്.

സ്വവര്‍ഗ ലൈംഗിക ബന്ധം 1860ല്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ആദ്യമായി നിയമവിരുദ്ധമാക്കിയത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 377ാം വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം ജീവപര്യന്തം തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top