വിജയ് മല്യ രക്ഷപ്പെട്ടത് ധനമന്ത്രാലയത്തിന്റെ ഒത്താശയോടെയെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുംന്യൂഡല്‍ഹി: കോടികള്‍ വായ്പ എടുത്ത് രാജ്യം വിടാന്‍ കേന്ദ്രധനമന്ത്രാലയം വിജയ്മല്യക്ക് ഒത്താശചെയ്തുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. രാജ്യം വിടുന്നതിന് മുന്‍പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജയിറ്റ്‌ലിയെ കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ ഇതോടെ വിഷയത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലായി. ധനമന്ത്രാലയത്തിലെ ശക്തനായ ഒരാള്‍ ലുക്ക്ഒഔട്ട് നോട്ടീസ് മയപ്പെടുത്തി കൊടുത്തത് കൊണ്ടാണ് കോടികളുടെ തട്ടിപ്പ് നടത്തിയ മല്യയ്ക്ക് രാജ്യം വിടാനായതെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ ശക്തമായ ലുക്ക് ഔട്ട് നോട്ടീസുണ്ടായിരുന്ന മല്ല്യയ്ക്ക് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമായിരുന്നില്ല. മല്ല്യ പിന്നീട് ഡല്‍ഹിയിലെത്തി ആരെയോ കണ്ടു. യാത്ര വിലക്കുന്ന നോട്ടീസ് മാറ്റി റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാക്കാന്‍ തക്ക അധികാരമുള്ള ഒരാളെ. ഈ ലുക്കൗട്ട് നോട്ടീസില്‍ വെള്ളം ചേര്‍ത്ത വ്യക്തി ആരാണെന്നാണ് സ്വാമി ട്വിറ്ററില്‍ ചോദിച്ചത്. ധനകാര്യമന്ത്രാലയത്തിലെ ആരോ ഒരാള്‍ ആണ് മല്ല്യയെ സഹായിച്ചതെന്ന കടന്നാക്രണം കൂടി സുബ്രഹ്മണ്യന്‍ സ്വാമി നടത്തി.
സിബിഐ പുറപ്പെടുവിച്ച 'യാത്ര വിലക്കുക' എന്ന നോട്ടീസ് 2015 ഒക്ടോബര്‍ 24ന് തിരുത്തി 'യാത്ര റിപ്പോര്‍ട്ട് ചെയ്യുക' എന്നാക്കി മാറ്റിയത് ധനകാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഒരാളുടെ ഉത്തരവിലൂടെയാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നു പറഞ്ഞ സ്വാമി അത് ആരാണന്ന ചോദ്യവും ഉന്നയിച്ചു. ഇതോടെ വെട്ടിലായത് ജയ്റ്റിലി തന്നെ.

RELATED STORIES

Share it
Top