Sub Lead

ബോധരഹിതനായി; വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

അതേസമയം റാവുവിനെ ആശുപത്രിയിലേക്ക് മാറ്റിയ വിവരം അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു.

ബോധരഹിതനായി; വരവര റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി
X

മുംബൈ: ഭീമാ കൊറേ​ഗാവ് കേസിൽ തടവിൽ കഴിയുന്ന കവിയും എഴുത്തുകാരനുമായ പി വരവര റാവു (81) വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ നിന്ന് വ്യാഴാഴ്ചയാണ് റാവുവിനെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിൽ വച്ച് ബോധരഹിതനായതിനെത്തുടർന്ന് മെയ് 28 ന് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വരവര റാവുവിന്റെ ആരോ​ഗ്യ നിലയിൽ ഇപ്പോൾ പുരോ​ഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കായി അദ്ദേഹത്തിന്റെ ശ്രവം കഴിഞ്ഞ ദിവസം ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം ഇന്ന് വരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം റാവുവിനെ ആശുപത്രിയിലേക്ക് മാറ്റിയ വിവരം അറിയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങളാലും അൾസർ, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കും അദ്ദേഹം ചികിൽസയിലാണ്. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അദ്ദേഹത്തെ ജാമ്യത്തിൽ വിടണമെന്ന് അഭ്യർത്ഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്കും ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കുടുംബാ​ഗങ്ങൾ കത്തെഴുതിയിട്ടുണ്ട്.

കേസന്വേഷണം എൻഐഎ ഏറ്റെടുത്തതിനെത്തുടർന്ന് 2018 ൽ അറസ്റ്റിലായ റാവുവിനെ ഫെബ്രുവരിയിൽ പൂനെയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി. പ്രായം, മുൻ അസുഖങ്ങൾ എന്നിവ കാരണം കൊവിഡ് -19 നുള്ള അപകടസാധ്യത ചൂണ്ടിക്കാട്ടി റാവു പ്രത്യേക കോടതിയിൽ ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. കോടതി ആവശ്യപ്പെട്ട മെഡിക്കൽ റിപോർട്ടുകൾ ജയിൽ അധികൃതർ ഇതുവരെ സമർപ്പിച്ചിട്ടില്ല. റാവുവിന്റെ വൈദ്യപരിശോധനയെക്കുറിച്ച് റിപോർട്ട് സമർപ്പിക്കാൻ വ്യാഴാഴ്ച കോടതി ജയിൽ സൂപ്രണ്ടിന് നിർദേശം നൽകി. ഇടക്കാല ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ ജൂൺ 2ന് കോടതി പരി​ഗണിക്കും.

Next Story

RELATED STORIES

Share it