Sub Lead

ഗുജറാത്തില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ കല്ലേറ്

ഗുജറാത്തില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ കല്ലേറ്
X

ആരവല്ലി: ഗുജറാത്തില്‍ ദലിത് കുടുംബത്തിന്റെ വിവാഹാഘോഷ യാത്ര സവര്‍ണര്‍ കല്ലെറിഞ്ഞു തടസ്സപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ആരവല്ലി ജില്ലയിലെ ഖമ്പിയാസ് ഗ്രാമത്തില്‍ സംഘര്‍ഷം രൂപപ്പെട്ടു. ഞായറാഴ്ചയാണ് ദലിത് സ്ത്രീയുടെ വിവാഹ ചടങ്ങുകള്‍ താക്കൂര്‍ സമുദായംഗങ്ങള്‍ തടസ്സപ്പെടുത്തിയത്.

ഖമ്പിയാസില്‍ നടന്ന സവര്‍ണരുടെ കല്ലേറില്‍ നിരവധി ദലിതര്‍ക്കും സ്ഥലത്തെത്തിയ പോലിസുകാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച സബര്‍കാന്ത ജില്ലയിലെ സിത് വാദ ഗ്രാമത്തിലും സമാന സംഭവം നടന്നു. ഇവിടെ സവര്‍ണരില്‍ നിന്നുള്ള ആക്രമണത്തെ തുടര്‍ന്നു വിവാഹ ഘോഷയാത്രയ്ക്ക് സംരക്ഷണം വേണമെന്ന് ദലിത് വിഭാഗക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. പോലിസ് സന്നാഹത്തിന്റെ സംരക്ഷണത്തിലാണ് പിന്നീട് വിവാഹം നടന്നത്.

രണ്ടുദിവസം മുമ്പ് ദലിത് വിഭാഗക്കാരനായ ഒരു പോലിസ് കോണ്‍സ്റ്റബിളിന്റെ വിവാഹവും പോലിസ് സംരക്ഷണയിലാണ് നടന്നത്. ദലിതര്‍ ഗ്രാമത്തിലൂടെ വിവാഹഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത് ഉയര്‍ന്ന ജാതിക്കാരെന്നു പറയുന്നവര്‍ എതിര്‍ക്കുന്നത് ഗുജറാത്തില്‍ വ്യാപകമാണ്. ദലിതര്‍ വിവാഹഘോഷയാത്ര നടത്തുന്നത് സവര്‍ണര്‍ വിലക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ വിവാഹം ഭംഗിയായി നടത്താന്‍ ദലിതര്‍ പോലിസ് സഹായത്തോടെ ഘോഷയാത്ര നടത്തുമ്പോഴാണ് കല്ലേറുണ്ടായത്. തങ്ങള്‍ ആദ്യം ഘോഷയാത്ര നടത്താന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിയുണ്ടായെന്നും ഇതെത്തുടര്‍ന്ന് തിരിച്ചുവരികയും കൂടുതല്‍ പോലിസുകാരെത്തി വീണ്ടും പുറത്തിറങ്ങുകയുമായിരുന്നെന്ന് വരന്റെ പിതാവ് പറഞ്ഞു.

വിവാഹഘോഷയാത്ര പോകുന്ന റോഡുകളിലെല്ലാം സവര്‍ണര്‍ യജ്ഞകുണ്ഠങ്ങള്‍ ഒരുക്കിയിരുന്നു. ഘോഷയാത്ര മുടക്കാനായിരുന്നു ഇത്. പ്രശ്‌നമുണ്ടാവെമെന്നു ഉറപ്പുണ്ടായിട്ടും റോഡില്‍ യജ്ഞം നടത്താന്‍ സവര്‍ണര്‍ക്കു പോലിസ് അനുമതി നല്‍കുകയായിരുന്നു. സവര്‍ണര്‍ അക്രമം നടത്തുന്നത് തടയാന്‍ പോലിസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമാനമായ രീതികള്‍ ഗുജറാത്തിലെ വിവിധയിടങ്ങളില്‍ സവര്‍ണര്‍ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതെസമയം സംഭവത്തില്‍ പോലിസ് ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ നാലോളം വിവാഹങ്ങളാണ് സവര്‍ണര്‍ തടസ്സപ്പെടുത്തിയത്.

Next Story

RELATED STORIES

Share it