Sub Lead

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വധം: പ്രതികളെ വെറുതെ വിട്ടതിനെതിരേ സഹോദരന്‍ അപ്പീല്‍ നല്‍കി

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2018 ഡിസബര്‍ 21ന് 22 പ്രതികളെയും വെറുതെവിട്ടിരുന്നത്

സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വധം: പ്രതികളെ വെറുതെ വിട്ടതിനെതിരേ സഹോദരന്‍ അപ്പീല്‍ നല്‍കി
X

മുംബൈ: സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരേ സഹോദരന്‍ റുബാബൂദ്ദീന്‍ ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മുംബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് 2018 ഡിസബര്‍ 21ന് 22 പ്രതികളെയും വെറുതെവിട്ടിരുന്നത്. സുഹ്‌റാബുദ്ദീനെയും കൂട്ടാളിയായ തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലിലും കൗസര്‍ബിയെ പീഡിപ്പിച്ച ശേഷവും കൊലപ്പെടുത്തിയെന്നാണ് കേസ്. ഏറെ പ്രമാദമായ കേസില്‍ 13 വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് എല്ലാ പ്രതികളെയും തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ചത്.

വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന രാഷ്ട്രീയ-പോലിസ്-അധോലോക റാക്കറ്റിന്റെ ഭാഗമായിരുന്നു സിഹ്‌റാബുദ്ദീനും പ്രജാപതിയുമെന്നാണ് സിബിഐ കണ്ടെത്തിയിരുന്നത്. എന്നാല്‍, മേലാളന്മാരെ ധിക്കരിച്ച സുഹ്‌റബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഭാര്യ കൗസര്‍ബിക്കും പ്രജാപതിക്കും ഒപ്പം പോലിസ് തട്ടിക്കൊണ്ടുപോയി. പിന്നീട് 2005 നവംബറില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് ആരോപിച്ച് സുഹ്‌റബുദ്ദീനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കാണാതായ ഭാര്യ കൗസര്‍ബിയെ പിന്നീട് ബലാല്‍സംഗം ചെയ്ത് കത്തിച്ചുകളഞ്ഞെന്നും കണ്ടെത്തി. 2006 ഡിസംബറില്‍ പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രജാപതി മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ഗുജറാത്ത് വംശഹത്യയ്ക്കു പിന്നാലെ നടന്ന പ്രമാദമായ വ്യാജഏറ്റുമുട്ടല്‍ കേസുകള്‍ നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, അഭയ് ചുദാസാമ, എം എന്‍ ദിനേശ്, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങി 38 പേരായിരുന്നു ആദ്യഘട്ടത്തില്‍ കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. മൂന്നു വര്‍ഷത്തിനിടെ അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സിബിഐ കോടതി പല കാരണങ്ങളാല്‍ ഒഴിവാക്കി. എസ്‌ഐ, എഎസ്‌ഐ, കോണ്‍സ്റ്റബ്ള്‍ റാങ്കിലുള്ള 21 പേരും കൗസര്‍ബിയെ കൊന്ന് തെളിവു നശിപ്പിച്ചതായി കരുതുന്ന അര്‍ഹാം ഫാം ഹൗസ് ഉടമയുമാണ് പിന്നീട് വിചാരണ നേരിട്ടത്. ഇവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയച്ചത്. കോടതിയില്‍ വിസ്തരിച്ച 210 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പ്രധാനപ്പെട്ട 92 പേര്‍ വിചാരണയ്ക്കിടെ കൂറുമാറിയതാണ് പ്രതികള്‍ക്കു തുണയായത്. മാത്രമല്ല, കൊല്ലപ്പെട്ട പ്രജാപതിയുടെ മാതാവ്, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെ കുറിച്ച് മൊഴി നല്‍കിയ കെട്ടിടനിര്‍മാതാക്കളായ പട്ടേല്‍ സഹോദരങ്ങള്‍ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നില്ല. സാക്ഷികളില്‍ പലും ഭീഷണി കാരണം കോടതിയിലെത്തിയിരുന്നില്ല.




Next Story

RELATED STORIES

Share it