Sub Lead

പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ്: പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, കേസെടുക്കുമെന്നും പോലിസ്

പ്രമുഖര്‍ക്കെതിരേ പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്നും ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും പോലിസ്. ഇയാള്‍ക്കെതിരേ കേസെടുക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.

പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ്:   പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, കേസെടുക്കുമെന്നും പോലിസ്
X

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ടക്കൊലകളിലും അസഹിഷ്ണുതിയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരേ പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്നും ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും പോലിസ്. ഇയാള്‍ക്കെതിരേ കേസെടുക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.

വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇയാളെ കുഴപ്പക്കാരന്‍ എന്ന് വിശേഷിപ്പിച്ച പോലിസ് ദുഷ്ടലാക്കോടെയാണ് ഇയാളുടെ പരാതിയെന്നും വ്യക്തമാക്കി. നേരത്തേയും സമാന തരത്തില്‍ പ്രമുഖര്‍ക്കെതിരേ ഓജ കോടതിയെ സമീപിച്ചിരുന്നു.

സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും ജങ്ക് ഫുഡിന്റെ പരസ്യത്തിന്റ പേരിലും സിനിമാ താരങ്ങളായ ഹൃഥ്വിക് റോഷന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കെതിരെയും ലാലുപ്രസാദ് യാദവ്, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്കെതിരെയും ഇയാള്‍ പരാതി നല്‍കിയിരുന്നു. ദേശീയപാതയില്‍ ഹെലികോപ്റ്റര്‍ ഇറക്കിയതിനാണ് ലാലുപ്രസാദ് യാദവിനെതിരേ പരാതി നല്‍കിയതെങ്കില്‍ ശ്രീരാമസേതു മനുഷ്യ നിര്‍മ്മിതമല്ല എന്ന് പറഞ്ഞതിനാണ് മന്‍മോഹന്‍ സിംഗിനേയും ബുദ്ധദേബ് ഭട്ടാചാര്യയേയും ഓജ കോടതി കയറ്റിയത്. ഇയാള്‍ ഇതുവരെ 745 പൊതു താല്‍പര്യ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം മൂന്നിനാണ് രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ടക്കൊലകളിലും അസഹിഷ്ണുതിയിലും ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരില്‍ രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ ഓജ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ബിഹാര്‍ കോടതി ഉത്തരവിടുകയായിരുന്നു.


Next Story

RELATED STORIES

Share it