Sub Lead

കസ്റ്റഡി മരണങ്ങൾ; അഞ്ച് സംസ്ഥാനങ്ങളിൽ ഒരു പോലിസുകാരൻ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല

2001 നും 2018 നും ഇടയിൽ 1,727 പേർ പോലിസ് കസ്റ്റഡിയിൽ മരണപ്പെട്ടു.

കസ്റ്റഡി മരണങ്ങൾ; അഞ്ച് സംസ്ഥാനങ്ങളിൽ ഒരു പോലിസുകാരൻ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല
X

ന്യൂഡൽഹി: ഇന്ത്യയിൽ 2001 നും 2018 നും ഇടയിൽ 1,700ലധികം കസ്റ്റഡി മരണങ്ങൾ നടന്നതായി കണക്കുകൾ. തമിഴ്നാടുൾപ്പടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഈ കാലയളവിൽ നൂറിലധികം കസ്റ്റഡി മരണങ്ങൾ നടന്നെങ്കിലും ഒരു കേസിൽ പോലും പോലിസുകാർ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ കാലയളവിൽ 1,727 കസ്റ്റഡി മരണങ്ങൾ നടന്നെങ്കിലും 26 പോലിസുകാർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

തമിഴ്നാട്ടിൽ കസ്റ്റഡി മർദനത്തിനിരയായി പിതാവും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ നീതിയുക്തമായ അന്വേഷണത്തിനുള്ള മുറവിളികൾ ഉയരുന്നതിനിടയിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നൂറിലധികം കസ്റ്റഡി മരണങ്ങൾ ഉണ്ടായിട്ടും ഒരു പോലിസുകാരൻ പോലും ശിക്ഷിക്കപ്പെട്ടില്ല.

2001 നും 2018 നും ഇടയിൽ 1,727 പേർ പോലിസ് കസ്റ്റഡിയിൽ മരണപ്പെട്ടു. പോലിസ് / ജുഡീഷ്യൽ റിമാൻഡിലുള്ള വ്യക്തികളും അറസ്റ്റിലായവരും കോടതിയിൽ ഹാജരാക്കാത്തവരും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം മരണങ്ങളിൽ 26 പോലിസുകാർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018 ലെ 70

കസ്റ്റഡി മരണങ്ങളിൽ 4.3% മാത്രമാണ് "പോലിസിന്റെ ശാരീരിക ആക്രമണം മൂലം കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്" എന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ചികിത്സയ്ക്കിടെ ആശുപത്രികളിൽ മരണം സംഭവിച്ചതും ലോക്കപ്പുകളിലെ ആത്മഹത്യയുമാണ് മറ്റ് മരണങ്ങൾക്ക് കാരണമായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലൊഴികെ രാജ്യത്തൊട്ടാകെയുള്ള ഇത്തരം മരണങ്ങൾക്ക് ഒരു പോലിസുകാരനും ശിക്ഷിക്കപ്പെട്ടിട്ടില്ല. കസ്റ്റഡി മരണങ്ങൾക്ക് പുറമെ 2000 നും 2018 നും ഇടയിൽ രണ്ടായിരത്തിലധികം മനുഷ്യാവകാശ ലംഘന കേസുകളും പോലിസിനെതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. 344 പോലീസുകാർ മാത്രമാണ് മനുഷ്യാവകാശ ലംഘന കേസുകളിൽ ശിക്ഷിക്കപ്പെട്ടത്.

Next Story

RELATED STORIES

Share it