ശമ്പളമില്ല; ബിഎസ്എൻഎൽ ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിലേക്ക്

സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരേ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി.

ശമ്പളമില്ല; ബിഎസ്എൻഎൽ ജീവനക്കാർ ശക്തമായ പ്രക്ഷോഭത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിഎസ്എന്‍എല്‍ തൊഴിലാളികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഈ മാസം പതിനെട്ടിനാണ് ഓള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍ ഓഫ് ബിഎസ്എന്‍എല്ലിൻറെ (എയുഎബി) നേതൃത്വത്തില്‍ സമരം നടക്കുക.

സമരവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സെപ്തംബര്‍ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാത്തതിനെതിരേ ശക്തമായ അമര്‍ഷം പ്രതിഷേധക്കാര്‍ രേഖപ്പെടുത്തി. ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ഒരു ദിവസത്തെ നിരാഹാര സമരത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി, സര്‍ക്കിള്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ബിഎസ്എന്‍എല്‍ എക്‌സിക്യൂട്ടീവുകള്‍, സാധാരണ ജീവനക്കാര്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പ്രകടനവും ഇതോടൊപ്പം നടക്കും. സമരത്തിന് ശേഷം 21ന് വീണ്ടും യോഗം ചേര്‍ന്ന് കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യും.

എല്ലാ മാസവും കൃത്യസമയത്ത് ശമ്പളം നല്‍കുക, സെപ്തംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുക, കരാര്‍/ കാഷ്വല്‍ തൊഴിലാളികളുടെ ശമ്പളം കൊടുത്തുതീര്‍ക്കുക, ഫോര്‍ ജി സ്‌പെക്ട്രം ഉടനടി ലഭ്യമാക്കുക, ചെറുകിട വായ്പാ സംവിധാനമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നത്.

അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കോർപ്പറേറ്റ് അനുകൂല നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ കുറ്റപ്പെടുത്തുന്നു.

RELATED STORIES

Share it
Top