Sub Lead

നിപ: ഐസൊലേഷന്‍ വാര്‍ഡിലുള്ള അഞ്ചുപേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു;രണ്ടു ദിവസത്തിനകം ഫലം ലഭിക്കും

രോഗം ബാധിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.പനി ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് നിപയുടെ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഉടന്‍ തന്നെ ഉറവിടം കണ്ടെത്തുമെന്നാണ് കരുതുന്നത്.നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരും

നിപ: ഐസൊലേഷന്‍ വാര്‍ഡിലുള്ള അഞ്ചുപേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു;രണ്ടു ദിവസത്തിനകം ഫലം ലഭിക്കും
X

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നിപ ബാധിതനായ യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കഴിഞ്ഞ ദിവസം പനിയുടെ ലക്ഷണങ്ങളുമായി കളമശേരിയിലെ കൊച്ചി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ചു പേരുടെ രക്തമടക്കമുള്ള സാമ്പിളുകള്‍ പരിശോധനിയ്ക്കായി അയച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിലേക്കാണ് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം നാളെ വൈകുന്നേരമോ മറ്റന്നാളോ ലഭിക്കും. എന്നാല്‍ പ്രാഥമിക നിഗമനം ഇവര്‍ക്ക് നിപ ബാധയില്ലെന്നാണ്. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിനു ശേഷം മാത്രമെ ഇത് അന്തിമമായി സ്ഥിരീകരിക്കാന്‍ കഴിയു. രോഗം സ്ഥിരീകരിച്ചാല്‍ മാത്രമെ അവര്‍ക്ക് റിബാവറിന്‍ ഗുളികള്‍ നല്‍കി തുടങ്ങുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.അതുവരെ പനി, തൊണ്ടയിലെ അസ്വസ്ഥത എന്നിവയ്ക്കാണ് മരുന്നു നല്‍കുന്നത്.കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയേക്കാള്‍ കുടുതല്‍ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോള്‍ അവര്‍ ഉളളതെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂുട്ടില്‍ നിന്നുള്ള മരുന്ന് ഇന്ന് എത്തിക്കുമെന്നാണ് കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞതെന്നും മന്ത്രി കെ കെ ഷൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയതെന്ന നിഗമനത്തില്‍ ആരോഗ്യ വകുപ്പ് നിലവില്‍ തയാറാക്കിയിരിക്കുന്നത് 311 പേരുടെ പട്ടികയാണ്. എന്നാല്‍ ഇത്രയും പേര്‍ രോഗിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരല്ല.ഇതില്‍ നിന്നും വ്യക്തമായ പരിശോധന നടത്തി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരെത്ര, അല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയവരെത്ര എന്നിങ്ങനെ തിരിച്ച് പട്ടിക തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്.സംസ്ഥാനത്തെ ആരോഗ്യ വകുപ്പില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്. ഉടന്‍ തന്നെ ഉറവിടം കണ്ടെത്തുമെന്നാണ് കരുതുന്നത്. മറ്റു രോഗങ്ങളുടെ ഉറവിടം കണ്ടെത്തുന്ന വിധത്തില്‍ ഇത് കണ്ടെത്താന്‍ കഴിയില്ല.രോഗബാധിതനായ യുവാവില്‍ നിന്നും തന്നെ ഇത് സംബന്ധിച്ച വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നിപ ബാധയുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ തന്നെ വീണ്ടും നിപയുടെ സാന്നിധ്യമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധന ആരംഭിച്ചിരുന്നു.ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ ശ്രദ്ധിക്കേണ്ട കാലമാണ് അതിനാലാണ് പരിശോധന ആരംഭിച്ചിരുന്നത്.സംശയമുള്ള എല്ലാ സാഹചര്യങ്ങളും നിപയുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധന നടക്കുന്നുണ്ടായിരുന്നു.എന്നാല്‍ പരിശോധനയില്‍ എല്ലാം നെഗറ്റീവായിരുന്നു.ഇതിന്റെ ഫലം ആരോഗ്യവകുപ്പിന്റെ പക്കലുണ്ട്.ഇതു കൂടാതെ സാമ്പിള്‍ പരിശോധിക്കാന്‍ പറ്റാതെ സ്വകാര്യ ആശുപത്രിയിലോ സര്‍ക്കാര്‍ ആശുപത്രിയിലോ ഏതെങ്കിലും വ്യക്തി മരണപ്പെട്ടു പോയിട്ടുണ്ടോ എന്നത് സംബന്ധിച്ചും പരിശോധിച്ച് കണക്കുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു നാളെ വൈകുന്നേരം മുന്നുമണിക്ക് കലക്ടറേറ്റിലായിരിക്കും യോഗം നടക്കുക.നാളെ താന്‍ ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.നിപയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ല. എന്നാല്‍ എതെങ്കിലും മേഖലകളില്‍ അവധി നല്‍കണോയെന്നത് സംബന്ധിച്ച് വൈകുന്നേരത്തോടെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it