Sub Lead

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ബിജെപിയില്‍ കൂട്ടരാജി

മലപ്പുറത്തെ ഓഫീസിലെത്തി ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ബിജെപിയില്‍ കൂട്ടരാജി
X

മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. ബിജെപി പ്രവര്‍ത്തകര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്താണ് 200 ഓളം പ്രവര്‍ത്തകരാണ് കുടുംബസമേതം ബിജെപി വിട്ടത്. കുഴിമണ്ണയിലെ കിഴിശ്ശേരിയില്‍ അടുത്ത ദിവസം ബിജെപിയുടെ രാഷട്രീയ വിശദീകരണ യോഗം നടക്കാനിരിക്കെയാണ് കൂട്ടരാജി.

മലപ്പുറത്തെ ഓഫീസിലെത്തി ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്. പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്ത് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ ബാലസുബ്രമണ്യന്‍, കെ വിഷ്ണുരാജ്, എം ജയേഷ്, രാജന്‍ കളത്തിങ്ങല്‍, ദലിത് കോളനികളുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ കൊട്ടപ്പുറത്തുള്ള നേതാവ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി രേഖാമൂലം ജില്ലാ പ്രസിഡന്റിനെ അറിയിച്ചത്.

കൊണ്ടോട്ടിയില്‍ ദലിത് കോഡിനേഷന്‍ കമ്മിറ്റി നടത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ റാലിയില്‍ ഇവര്‍ പങ്കെടുത്തിരുന്നു. ഇതോടെ കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കം നടന്നു. പഞ്ചായത്ത് കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെന്നും തങ്ങള്‍ പിന്‍മാറുകയാണ് ചെയ്തതെന്നും കെ ബാലസുബ്രമണ്യന്‍ പറഞ്ഞു.

ബിജെപിക്കെതിരെയുള്ള പ്രതിഷേധവും മലപ്പുറത്തെ ബഹിഷ്‌കരണവും കണ്ടപ്പോള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്ന് തോന്നിയതിനാലാവാം രാജിയെന്നാണ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാജിവച്ചത്. ഇത് കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് കുഴിമണ്ണയിലേത്.

Next Story

RELATED STORIES

Share it