Sub Lead

ലോക്ഡൗണ്‍: പോലിസ് അതിക്രമം വർധിക്കുന്നു; രണ്ട് പേർ കൊല്ലപ്പെട്ടു

രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ലോക്ഡൗണ്‍: പോലിസ് അതിക്രമം വർധിക്കുന്നു; രണ്ട് പേർ കൊല്ലപ്പെട്ടു
X

ന്യൂഡല്‍ഹി: വൈറസ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പോലിസ് അതിക്രമങ്ങൾ ഏറിവരുന്നു. ലോക്ഡൗണ്‍ നടപ്പില്‍വരുത്താന്‍ പോലിസ് നടത്തുന്ന ക്രൂരമായ മര്‍ദനമുറകള്‍ വ്യാപകമായ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നിയമവിരുദ്ധമായ ഈ പോലിസ് നടപടിയെ സാമൂഹിക മാധ്യമങ്ങളിൽ ആദർശവൽകരിക്കുകയാണ് ഏറെപേരും ചെയ്തുകൊണ്ടിരിക്കുന്നത്.

അവശ്യവസ്തുക്കള്‍ വാങ്ങാനും അനുവദനീയമായ കാര്യങ്ങള്‍ക്കുമായി പുറത്തിറങ്ങിയവരെ പ്രായഭേദമില്ലാതെ വഴിയിലിട്ട് തല്ലിച്ചതയ്ക്കുന്നതിന്റെയും അപമാനിക്കും വിധത്തില്‍ പ്രാകൃത ശിക്ഷ നടപ്പാക്കുന്നതിന്റെയും ചീത്തവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടക്കം നിരവധി പേര്‍ പോലിസിന്റെ ക്രൂരമായ നടപടികള്‍ക്കെതിരേ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും അതിക്രമങ്ങൾക്ക് ശമനമില്ല.

പുനെയില്‍ പോലിസ് മര്‍ദനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചതായി റിപോർട്ടുണ്ടായിരുന്നു. വാഹനത്തില്‍ അനധികൃതമായി യാത്രക്കാരുമായി യാത്ര ചെയ്‌തെന്നാരോപിച്ചായിരുന്നു പോലിസ് ഇയാള്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. പശ്ചിമബംഗാളിലും പോലിസ് മര്‍ദ്ദനത്തില്‍ 32 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടതായി ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. പാല് വാങ്ങാന്‍ വീടിനു പുറത്തിറങ്ങിയപ്പോഴാണ് പോലിസ് ലാത്തിച്ചാര്‍ജില്‍ ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് അതിക്രമത്തിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ലാത്തിചാര്‍ജ് കൂടാതെ പോലിസ് ക്രൂരവും അപമാനകരവുമായ ശിക്ഷാമുറകള്‍ നടപ്പാക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി ദൃശ്യങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ പോലിസ് നടത്തുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ടു. ലോക്ഡൗണില്‍ പുറത്തിറങ്ങിയവരെക്കൊണ്ട് പ്രാകൃത രീതിയായ ഏത്തമിടീക്കുന്നതും കുനിച്ചുനിര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും കസ്റ്റഡിയില്‍ വെക്കാനും പോലിസിന് നിയമപ്രകാരം അധികാരമുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ അടിച്ചേല്‍പ്പിക്കാനും അതിന്റെ പേരില്‍ മര്‍ദനമുറകള്‍ പ്രയോഗിക്കാനും പോലിസിന് അധികാരമില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ലോക്ഡൗണ്‍ നടപ്പിലാക്കിയതോടെ പെരുവഴിയിലായ അതിഥി തൊഴിലാളികള്‍ക്കു നേരെ പോലിസ് വിവിധയിടങ്ങളില്‍ നടത്തുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. മറുനാട്ടില്‍ തൊഴിലെടുക്കാനെത്തിയവര്‍ പുതിയ സാഹചര്യത്തില്‍ സ്വന്തം നാട്ടിലേയ്ക്ക് കാല്‍നടയായി പോകുമ്പോഴാണ് പോലിസിന്റെ അതിക്രമം.

കേരളത്തിലും പോലിസ് അതിക്രമങ്ങളുടെ റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ലോക്ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് തൊഴിലാളികളെ പ്രാകൃത ശിക്ഷയ്ക്കു വിധേയരാക്കുന്ന കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. റോഡിലിറങ്ങിയെന്നു പറഞ്ഞ് ഒരു കടയ്ക്കു മുന്നില്‍ വച്ച് മൂന്നുപേരെ പരസ്യമായി ഏത്തമിടീക്കുകയായിരുന്നു. മണല്‍ വാരല്‍ തൊഴിലാളികളും മറ്റും കൂടുതലായി താമസിക്കുന്ന അഴീക്കലിലാണ് ജില്ലാ പോലിസ് മേധാവി യതീശ് ചന്ദ്രയുടെ പ്രാകൃത നടപടി അരങ്ങേറിയത്. ഇത്തരത്തിള്ള നൂറുകണക്കിന് ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്തുവരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇന്ത്യന്‍ പോലിസിന്റെ അമിതാധികാരം പ്രയോഗം ഇതിനകം വാര്‍ത്തയാവുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it