Sub Lead

ഗുജറാത്തില്‍ ദലിത് അഭിഭാഷകന്റെ വധം; കൊലയാളികളെത്തിയത് മുംബൈയില്‍ നിന്ന്

ബ്രാഹ്മണ്യ വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണികളുണ്ടായിരുന്നിട്ടും ദേവ്ജി വകവെച്ചിരുന്നില്ല.

ഗുജറാത്തില്‍ ദലിത് അഭിഭാഷകന്റെ വധം; കൊലയാളികളെത്തിയത് മുംബൈയില്‍ നിന്ന്
X

രാജ്കോട്ട്: ബ്രാഹ്മണ്യ വിമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തില്‍ ദലിത് അഭിഭാഷകനെ വധിച്ച സംഭവത്തിൽ കൊലയാളികളെത്തിയത് മുംബൈയിൽ നിന്നെന്ന് പോലിസ്. ബ്രാഹ്മണ്യവാദത്തെ തുടര്‍ച്ചയായി വിമര്‍ശിച്ചതാണ് ദേവ്ജി മഹേശ്വരിയെ കൊലപ്പെടുത്താന്‍ കാരണമെന്ന് മുംബൈ പോലിസ് വ്യക്തമാക്കി. ബ്രാഹ്മണ്യമേധാവിത്ത ആശയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ദേവ്ജി നടത്തിയ ഫേസ്ബുക്ക് പ്രതികരണങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വിമര്‍ശനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണികളുണ്ടായിരുന്നിട്ടും ദേവ്ജി വകവെച്ചിരുന്നില്ല. ദേവ്ജിയുടെ തന്നെ ഗ്രാമത്തില്‍ താമസിക്കുന്നതും ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടയാളുമായ റാവലുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പോലിസ് ചൂണ്ടിക്കാട്ടി.

അഖിലേന്ത്യാ പിന്നോക്ക, ന്യൂനപക്ഷ സമുദായ തൊഴിലാളി ഫെഡറേഷന്റെയും (ബിഎഎംസിഇഎഫ്) ഇന്ത്യന്‍ ലീഗല്‍ പ്രൊഫഷണല്‍സ് അസോസിയേഷന്റെയും മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു കൊല്ലപ്പെട്ട ദേവ്ജി മഹേശ്വരി. കേസില്‍ മുംബൈ, റാപര്‍ സ്വദേശിയായ ഭാരത് ജയന്തിലാല്‍ റാവലിനെ മുബൈ പോലിസ് കസ്റ്റടിയിലെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ദേവ്ജിയും റാവലും തമ്മില്‍ നിരവധി തവണ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പട്ടികജാതി-പട്ടികവര്‍ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ ഹിന്ദുക്കളല്ലെന്ന ബിഎഎംസിഇഎഫ് ദേശീയ പ്രസിഡന്റ് വാമന്‍ മെഹ്റാമിന്റെ വീഡിയോയാണ് മഹേശ്വരിയുടെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റ്. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റാവലിനെതിരെ കേസെടുത്തിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നു. എന്നാല്‍ റാവല്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരായി ഗുജറാത്ത് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹേശ്വരിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച റാപറിലെ ദലിത് സമുദായംഗങ്ങള്‍ തെരുവിലിറങ്ങി.

ഇതിനു പിന്നാലെയാണ് റാവലുള്‍പ്പടെ ആറുപേര്‍ അറസ്റ്റിലായത്. മറ്റുള്ളവര്‍ ഒളിവിലാണ്. റാവലിനു പുറമേ ജയ്‌സുഖ് ലുഹാര്‍, ഖിംജി ലുഹാര്‍, ധവാല്‍ ലുഹാര്‍, ദേവുഭ സോധ, വിജയ്‌സിങ് സോധ, മയൂര്‍സിങ് സോധ, പ്രവിണ്‍സിങ് സോധ, അര്‍ജുന്‍സിങ് സോധ എന്നിവരാണ് എഫ്ഐആറില്‍ പേരുള്ള മറ്റ് പ്രതികള്‍.

Next Story

RELATED STORIES

Share it