Sub Lead

രാജ്യത്തെ ഏറ്റവും വലിയ തടങ്കൽപാളയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ

തടങ്കൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യൻ അലി പറയുന്നതിങ്ങനെ, "ഇന്ന് ഞാൻ ഇവിടെ ജോലിചെയ്യുന്നു. നാളെ ഇത് എന്റെ അളിയന് ഒരു ജയിലാകാം."

രാജ്യത്തെ ഏറ്റവും വലിയ തടങ്കൽപാളയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ
X

ഗോൽപാര: രാജ്യത്തെ ഏറ്റവും വലിയ തടങ്കൽപാളയത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. അസമിലെ ഗോൽപാര ജില്ലയിലാണ് 300,000 ചതുരശ്ര അടി വിസ്തീർണമുള്ള തടങ്കൽപാളയം നിർമിക്കുന്നത്. മൂവായിരം പേരെ തടങ്കലിൽ പാർപ്പിക്കാൻ കഴിയുമെന്നാണ് ഔദ്യോ​ഗിക വിശദീകരണം.


ഏകദേശം 300,000 ചതുരശ്ര അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗോൽപാരയിലെ തടങ്കൽപാളയം സംസ്ഥാന തലസ്ഥാനമായ ​ദിസ്പൂരിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്. നാല് നിലകളുള്ള 13 പുരുഷ ബ്ലോക്കുകളും അതേ വലുപ്പത്തിലുള്ള രണ്ട് സ്ത്രീ ബ്ലോക്കുകളും ഉള്ള തടങ്കൽപാളയത്തിൽ 3,000 പേരെ പാർപ്പിക്കാൻ സാധിക്കും.


നിലവിൽ നിർമാണത്തിലിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തടങ്കൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യൻ അലി പറയുന്നതിങ്ങനെ, "ഇന്ന് ഞാൻ ഇവിടെ ജോലിചെയ്യുന്നു. നാളെ ഇത് എന്റെ അളിയന് ഒരു ജയിലാകാം. ഇത് എന്റെ സഹോദരിയുടെ കുടുംബത്തെ നശിപ്പിക്കും." 19 ലക്ഷം ആളുകളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പ്രഖ്യാപിച്ച് അസമിൽ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയിൽ ഇടം നേടുന്നതിൽ അലിയുടെ സഹോദരൻ പരാജയപ്പെട്ടിരുന്നു.


ഗോൽപാരയുടെ വിദൂര പ്രദേശത്താണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്, അതിന്റെ മൂന്ന് വശത്തും തുറന്ന സ്ഥലവും മുൻവശത്ത് ​ഗുവാഹത്തിയുമായി ബന്ധിപ്പിക്കുന്ന റോഡുമാണ്. "പ്രേത" പർവ്വതം എന്നറിയപ്പെടുന്ന മലനിരയിലൂടെയാണ് തടങ്കൽ പാളയത്തിലേക്കുള്ള വഴി കടന്നുപോകുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് പ്രേതങ്ങൾ പർവതം ഭരിച്ചിരുന്നുവെന്നും അവിടേക്ക് മനുഷ്യരെ കടക്കാൻ അനുവദിച്ചിരുന്നില്ലെന്നും ഐതിഹ്യം പറയുന്നു. "തടങ്കൽ പാളയത്തിലും ഇതേ അവസ്ഥയാകുമെന്ന് എനിക്ക് തോന്നുന്നു. ഈ തടങ്കൽ കേന്ദ്രത്തിലേക്ക് പോകുന്ന ഏതൊരു വ്യക്തിയും തിരിച്ചുവരില്ല," പ്രദേശവാസിയായ ഗുലാം നബി പറയുന്നു.


ഒരു ആശുപത്രിക്കു പുറമെ, ഡൈനിംഗ് ഏരിയ, സ്കൂൾ, വിനോദ കേന്ദ്രം, പുരുഷ-സ്ത്രീ തടവുകാർക്കായി പ്രത്യേക താമസ സൗകര്യങ്ങൾ എന്നിവ ഈ കേന്ദ്രത്തിലുണ്ടാകും. പുരുഷ-സ്ത്രീ ബ്ലോക്കുകളെ ആറടി ചുവന്ന നിറമുള്ള മതിൽ കൊണ്ട് വിഭജിച്ചിരിക്കുന്നു. തടങ്കൽ പാളയത്തിന് ചുറ്റും രണ്ട് മതിലുകളാണുള്ളത്, അകത്ത് 20 അടി ഉയരമുണ്ട്, പുറം മതിൽ ആറടി ഉയരവും. സുരക്ഷാ മാനദണ്ഡമെന്ന നിലയിൽ, തടങ്കൽ കേന്ദ്രത്തിൽ നിരീക്ഷണത്തിനായി ആറ് വാച്ച് ടവറുകൾ ഉണ്ട്.

Next Story

RELATED STORIES

Share it