Top

കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരള ബാങ്കിന്റെ ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കും.വാണിജ്യ ബാങ്കിന് കെപിസിസി എതിരല്ല. പക്ഷേ, സഹകരണ മേഖലയെ തകര്‍ത്തിട്ടല്ല ഇത് തുടങ്ങേണ്ടത് എന്നതാണ് തങ്ങളുടെ നിലപാട്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ചിട്ടുള്ള കേരള ബാങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക പ്രഖ്യാപനം പോലും നിയമാനുസൃതമല്ല

കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന് അന്ത്യകൂദാശ നല്‍കാന്‍ ലക്ഷ്യമിട്ട് ഇടതു സര്‍ക്കാര്‍ ആരംഭിച്ച കേരള ബാങ്കുമായി കോണ്‍ഗ്രസ് സഹകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ബാങ്കിന്റെ ഉദ്ഘാടനം അടക്കമുള്ള പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.വാണിജ്യ ബാങ്കിന് കെപിസിസി എതിരല്ല. പക്ഷേ, സഹകരണ മേഖലയെ തകര്‍ത്തിട്ടല്ല ഇത് തുടങ്ങേണ്ടത് എന്നതാണ് തങ്ങളുടെ നിലപാട്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ചിട്ടുള്ള കേരള ബാങ്ക് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ഔദ്യോഗിക പ്രഖ്യാപനം പോലും നിയമാനുസൃതമല്ല. 2013 ല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ റൈറ്റ് ടു കോ-ഓപറേഷന്‍ ആക്ട് ഭേദഗതിയുടെ ആര്‍ട്ടിക്കിള്‍ 19(1)(സി)യില്‍ സഹകരണ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്.സഹകരണ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം സംരക്ഷിക്കുന്നതിന് കൊണ്ടുവന്ന ഈ ഭേദഗതിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടി.

ജില്ലാ ബാങ്കുകള്‍ പിരിച്ചു വിടാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം വിശദീകരിക്കണം. ജനാധിപത്യത്തോടുള്ള കടുത്ത വെല്ലുവിളിയാണിത്. മൂന്നര ലക്ഷം കോടി രൂപയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപം. അതില്‍ കണ്ണുവച്ചാണ് മുഖ്യമന്ത്രി ബാങ്കുകളെ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങാന്‍ തീരുമാനിച്ചത്. അദ്ദേഹം വിചാരിച്ചാല്‍ ഇതിലേക്ക് പണം വരാന്‍ യാതൊരു പ്രയാസവുമുണ്ടാകില്ല. കാരണം വിദേശ മലയാളികളായ നിരവധി സഹസ്ര കോടീശ്വരന്‍മാന്‍ മുഖ്യമന്ത്രിയുടെ ഉറ്റ ചങ്ങാതിമാരാണ്. വേങ്ങരയില്‍ ഉപതിരഞ്ഞെടപ്പ് നടക്കുന്ന സമയത്താണ് കേരള ബാങ്കിന്റെ ആദ്യ പ്രഖ്യാപനം. നിയമസഭ സമ്മേളനം വിളിച്ചു കൂട്ടാതെ ഓര്‍ഡിനന്‍സ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഇത്ര ധൃതി കാണിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.ഇന്ന് ലോകത്ത് ഏറ്റവും വലിയ സഹകരണ പ്രസ്ഥാനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. അതിനെ ഇത്തരത്തില്‍ വളര്‍ത്തിക്കൊണ്ടു വന്നത് ഗാന്ധിജിയാണ്. വലിയ തത്വ ശാസ്ത്രമായി അതിനെ മുന്നോട്ട് കൊണ്ടുപോയത് പണ്ഡിറ്റ് നെഹ്റുവാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് ദേശീയ പ്രസ്ഥാനത്തിന്റെ സന്തതിയാണ്. ഈ സഹകരണ പ്രസ്ഥാനങ്ങളാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വമ്പിച്ച സാമൂഹിക, സാമ്പത്തിക വിപ്ലവമുണ്ടാക്കിയത്. അതിനാല്‍ അതിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

രാജ്യത്താകമാനമുണ്ടാകുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശ്യത്തോടെ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ 14ന് എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും 'മാ നിഷാദ' എന്ന പരിപാടിക്ക് തുടക്കം കുറിയ്ക്കും. ഇന്നുവരെ കേട്ടു കേഴ്വി ഇല്ലാത്ത വിധത്തിലാണ് പീഡന വാര്‍ത്തകള്‍ പുറത്തു വരുന്നത്. സാമ്പത്തിക രംഗത്ത് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് പിന്നില്‍ പോയെങ്കിലും സ്ത്രീ പീഡനങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണുള്ളത്. ഇനിയും ഇതാവര്‍ത്തിക്കരുത്. അതിന് നിതാന്ത ജാഗ്രത വേണം. വാളയാര്‍ പ്രശ്നത്തിലെ സര്‍ക്കാര്‍ അലംഭാവത്തിനും സ്ത്രീ പീഡനങ്ങള്‍ക്കുമെതിരെ ഈ മാസം 21 ന് ഡിസിസികളുടെ നേതൃത്വത്തില്‍ 13 കലക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ കുറ്റപത്രം ഉയര്‍ത്തിപ്പിടിച്ച് അടുത്ത ജനുവരി 20 മുതല്‍ ഫെബ്രുവരി 28 വരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പദയാത്ര നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരന്‍, ടി ജെ വിനോദ് എംഎല്‍എ, ടി സിദ്ദിഖ്, ജെയ്സണ്‍ ജോസഫ്, ഐ കെ രാജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it