Sub Lead

സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ്

കോടതിയിലുള്ള കേസ് തീര്‍പ്പായ ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ നിഷ ജോസ് കെ മാണിയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കും

സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ്
X

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ സി എഫ് തോമസ് കേരള കോണ്‍ഗ്രസ് ചെയര്‍മാനാകുമെന്ന് പി ജെ ജോസഫ്. കൊച്ചിയില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിലുള്ള കേസ് തീര്‍പ്പായ ശേഷം ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും പി ജെ ജോസഫ്‌ പറഞ്ഞു.പാലാ നിയമസഭ മണ്ഡലത്തില്‍ കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ഥി ആരായാലും തങ്ങള്‍ പിന്തുണക്കും. വിജയസാധ്യത ആര്‍ക്കാണെന്ന് മുന്നണിയില്‍ ചര്‍ച്ച ചെയ്യും. ആ ഘട്ടമെത്തുമ്പോള്‍ അഭിപ്രായം ചര്‍ച്ചയില്‍ വ്യക്തമാക്കും. നിഷ ജോസ് കെ മാണിയുടെ പേര് ജോസ് കെ മാണി വിഭാഗം ഉയര്‍ത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തില്‍ യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥി അവരായാലും പിന്‍തുണക്കുമെന്നായിരുന്നു പി ജെ ജോസഫിന്റെ മറുപടി.

അനധികൃതമായി യോഗം ചേര്‍ന്ന് സ്വയം ചെയര്‍മാനാണെന്ന് പ്രഖ്യാപിച്ചവര്‍ തെറ്റുതിരുത്തി തിരികെയെത്തിയാല്‍ ഒരുമിച്ചുപോകാന്‍ തയ്യാറാണ്. ആ യോഗത്തില്‍ പങ്കെടുത്തവരെ ഉന്നതാധികാരസമിതിയിലടക്കം പങ്കെടുപ്പിക്കേണ്ട ആവശ്യമില്ല. അന്ന് ജോസ് കെ.മാണിയോടൊപ്പം പോയവരില്‍ പലരും തിരികെ തങ്ങളോടൊപ്പം വന്നുകൊണ്ടിരിക്കുകയാണ്.ഭരണഘടന പ്രകാരം പാര്‍ട്ടിയുടെ യോഗം വിളിക്കാന്‍ അവകാശം ചെയര്‍മാനാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ വൈസ് ചെയര്‍മാന് യോഗം വിളിക്കാം. എന്നാല്‍ ഇതിനൊന്നും അനുവാദമില്ലാത്തവര്‍ വിളിച്ച് തീരുമാനം പ്രഖ്യാപിക്കുന്നത് കണ്ടാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും പി ജെ ജോസഫ് പറഞ്ഞു. 27 അംഗ സമിതിയിലെ 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു.പി ജെ ജോസഫിന് പുറമെ സി എഫ് തോമസ് എംഎല്‍എ, മുതിര്‍ന്ന നേതാവ് ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടന്‍, ടി യു കുരുവിള,മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയ ഉന്നത നേതാക്കളും യോഗത്തിനെത്തി.

നേരത്തെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന സമിതി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ ജോസ് കെ മാണിയെ പാര്‍ടി ചെയര്‍മാനായി തിരിഞ്ഞെടുത്തിരുന്നുവെങ്കിലും ഇതിനെതിരെ ജോസഫ് വിഭാഗം കോടതിയെ സമീപിച്ചിരിക്കുകയാണ്.ഇതിനു പിന്നാലെയാണ് പി ജെ ജോസഫിന്റെ നേതൃത്വത്തില്‍ ഇന്ന് ഉന്നതാധികാര സമിതി വിളിച്ചു ചേര്‍ത്തത്.രാവിലെ കൊച്ചിയിലെത്തിയ പി ജെ ജോസഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ലോട്ടറി ഓഫീസ് ധര്‍ണയിലും പങ്കെടുത്തു. പി ജെ ജോസഫിനാണ് കോണ്‍ഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ പിന്തുണ. ജോസ് കെ മാണി വിഭാഗവും ഇവിടെ പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it