Sub Lead

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ബൂത്തിലുണ്ടായിരുന്ന മുഹമ്മദ് അന്‍സാരി ആരോപിച്ചു

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം; വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു
X

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിങിനിടെ സിസായ് മണ്ഡലത്തിലെ ഛദ്ര ഗ്രാമത്തിലാണ് സംഘര്‍ഷം. പോലിസ് വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്. ഗീലാനി അന്‍സാരിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. 18കാരനായ തബ്രീസ് അന്‍സാരി, അഷ്ഫാഖ് എന്നിവര്‍ക്കാണു പരിക്കേറ്റത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പോലിസുകാരടക്കം 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ പറഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് ബൂത്തിലുണ്ടായിരുന്ന മുഹമ്മദ് അന്‍സാരി ആരോപിച്ചു.


മുഹമ്മദ് അൻസാരി പറയുന്നതിങ്ങനെ:

ഞങ്ങളെല്ലാവരും വോട്ടു ചെയ്യാനായി വരി നിൽക്കുകയായിരുന്നു. ഈ സമയം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന റെയിൽവേ പോലിസ് സേന തങ്ങളോട് താമരയ്ക്ക് വോട്ട് ചെയ്യാൻ പറഞ്ഞു. എന്നാൽ, അത് പറ്റില്ലെന്ന് ഒരു വോട്ടർ പറഞ്ഞു. ഇതോടെ അയാളെ വെടിവയ്ക്കുമെന്ന് പോലിസുകാർ ഭീഷണിപ്പെടുത്തി. നിർദേശം പാലിക്കാൻ വോട്ടർമാർ തയ്യാറാവാതെ വന്നതോടെ പോലിസ് അദ്ദേഹത്തിന്റെ കാലിലേക്ക് വെടിയുതിർത്തു. ഇതോടെ പോളിങ് ബൂത്തിൽ ആകെ പ്രശ്നമായി. ആളുകളെല്ലാം പോലിസിനെതിരേ രം​ഗത്തുവരികയും കല്ലെറിയുകയും ചെയ്തു. തുടർന്ന് ടെറസിനു മുകളിലേക്ക് കയറിയ പോലിസ് ഉദ്യോ​ഗസ്ഥർ അവിടെ നിന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നു. ഇതിനിടെ ​ഗീലാനി അൻസാരിക്ക് വെടിയേൽക്കുകയും അവിടെ വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.

വെടിവയ്പിൽ തൊട്ടടുത്ത് നിൽക്കുകയായിരുന്ന 18 വയസുകാരനായ തബ്രീസ് അൻസാരിക്കും അഷ്ഫാഖ് എന്നിവർക്കും പരിക്കേറ്റു. അതേസമയം, ചിലയാളുകൾ പോലിസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും അപ്പോൾ അവർ സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തതെന്നാണ് സിസായി റിട്ടേണിങ് ഓഫീസർ സൗരവ് പ്രസാദിന്റെ വിശദീകരണം. സംഭവ ശേഷം പോളിങ് നിർത്തിവച്ചു. വോട്ടിങ് യന്ത്രങ്ങൾ സിസായി ബ്ലോക്ക് ഹെഡ്ക്വാർട്ടേഴ്സിലേക്ക് മാറ്റി. ബൂത്തിൽ റീപോളിങ് നടത്തുമെന്നും തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ശശി രഞ്ജൻ അറിയിച്ചു. പരിക്കേറ്റവരെ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥിതി ​ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.




Next Story

RELATED STORIES

Share it