Sub Lead

മുസ്‌ലിംകൾ ആക്രമണത്തിനിരയാകുന്നുവെന്ന രാജ്യാന്തര മത സ്വാതന്ത്ര്യ റിപോർട്ട് തള്ളി ഇന്ത്യ

മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്.

മുസ്‌ലിംകൾ ആക്രമണത്തിനിരയാകുന്നുവെന്ന രാജ്യാന്തര മത സ്വാതന്ത്ര്യ റിപോർട്ട് തള്ളി ഇന്ത്യ
X

ന്യുഡൽഹി: അമേരിക്കയുടെ രാജ്യാന്തര മത സ്വാതന്ത്ര്യ റിപോർട്ട് തള്ളി ഇന്ത്യ. രാജ്യത്തെ മുസ്‌ലിംകൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നുവെന്ന റിപോർട്ടാണ് ഇന്ത്യ തള്ളിയത്. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപോർട്ടിനെതിരെ രംഗത്തെത്തിയത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്‍മാര്‍ക്കും മൗലികാവകാശമുണ്ടന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ രാജ്യം സംരക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ മതേതരത്വത്തിലും രാജ്യത്തിന്റെ ഏകത്വത്തിലും അഭിമാനിക്കുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുതയും രാജ്യത്തിനുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു.

2018ലുടനീളം അക്രമാസക്ത തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാല്‍ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്‌ലിംകള്‍ പശുവിന്റെ പേരില്‍ അക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. 2018ല്‍ എട്ടുപേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇത്തരം കേസുകളില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

ഇന്ത്യയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ സ്ഥിതി വഷളാക്കുന്ന വിധത്തില്‍ അതിപ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളുമാണ് പുറപ്പെടുവിക്കുന്നതെന്നും റിപോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കലാപങ്ങള്‍, വിവേചനങ്ങള്‍, മതസ്വാതന്ത്യം തടയലും മതകര്‍മങ്ങള്‍ അനുഷ്ടിക്കുന്നതിന് തടസ്സം നില്‍ക്കലും പോലുള്ള സംഭവങ്ങളും ഇന്ത്യയില്‍ ഉണ്ട്. 14.2 ശതമാനം വരുന്ന മുസ്‌ലിംകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവിഭാഗമാണ്.

ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യംവയ്ക്കുകയാണന്നും സ്വതന്ത്ര പൂര്‍വ ഇന്ത്യയില്‍ മുസ്‌ലിംകള്‍ സ്ഥാപിച്ച സര്‍വകലാശാലകളുടെ ന്യൂനപക്ഷ സ്വഭാവത്തിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണന്നും റിപോർട്ടിൽ പറയുന്നുണ്ട്. ഏറെക്കാലം മുസ്‌ലിം രാജാക്കന്‍മാര്‍ ഭരിക്കുകയും അവര്‍ നിര്‍മിക്കുകയം ചെയ്ത നഗരങ്ങളുടെ മുസ്‌ലിം പശ്ചാത്തലം ഇല്ലാതാക്കുന്നു. പലനഗരങ്ങളുടെയും റോഡുകളുടെയും മുസ്‌ലിം പേരുകള്‍ മാറ്റി. ഇന്ത്യന്‍ ചരിത്രത്തിലെ മുസ്‌ലിം സംഭാവനകള്‍ മായ്ച്ചുകളയാനാണ് ഇത്തരം നടപടികളെന്ന ആക്ടിവിസ്റ്റുകളുടെ അഭിപ്രായവും റിപോര്‍ട്ട് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it