Sub Lead

പൊരുതാനാവില്ലെങ്കില്‍ പ്രതിരോധിക്കാം; ഇത് വിയറ്റ്‌നാം മാതൃക

ഇതുവരെ 153 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുമില്ല.

പൊരുതാനാവില്ലെങ്കില്‍ പ്രതിരോധിക്കാം; ഇത് വിയറ്റ്‌നാം മാതൃക
X

ഹനോയ്: കൊറോണ വൈറസ് വ്യാപനം ആരംഭിച്ച ചൈനയിൽ നിന്ന് 10,000 കിലോമീറ്ററിലധികം ദൂരമുള്ള സമ്പന്ന യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസ് പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോൾ, വിയറ്റ്നാം ഒരു മാതൃകയാണ് ലോകത്തിന്. ചൈനയുമായി 1,100 കിലോമീറ്റർ നീളത്തിൽ അതിർത്തി പങ്കിടുന്ന വിയറ്റ്നാമിൽ 134 പേർക്ക് മാത്രമാണ് കൊവിഡ് 19 റിപോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചൈനയില്‍ കൊറോണ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ കൊറോണ വൈറസിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന് വിയറ്റ്‌നാം സര്‍ക്കാര്‍ അറിയിച്ചു. ചൈനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന മഹാമാരി വിയറ്റ്നാമിലെത്താന്‍ അധിക സമയം വേണ്ടിവരില്ലെന്നായിരുന്നു ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തില്‍ പ്രധാനമന്ത്രിയായ ന്യൂയെന്‍ ഷുവാന്‍ ഫൂക് പറഞ്ഞത്.

ഇതുവരെ 153 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുമില്ല. വിയ്റ്റ്‌നാം സ്വീകരിച്ച പ്രതിരോധ നടപടികള്‍ തന്നെയാണ് അതിന് കാരണം. വൈറസിനോട് പോരാടാന്‍ വേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളില്‍ ഒന്ന് സര്‍ക്കാര്‍ ഫണ്ടാണ്, മറ്റൊന്ന് പൊതുജനാരോഗ്യ സംവിധാനവും. വിയറ്റ്‌നാമിന് ഇത് രണ്ടുമില്ല.

ദക്ഷിണ കൊറിയ ചെയ്തതുപോല 3,50,000 പരിശോധനകള്‍ നടത്താന്‍ വിയറ്റ്‌നാമിന് സാധിക്കില്ല. അത്ര ചുരുങ്ങിയ മെഡിക്കല്‍ സംവിധാനങ്ങളാണ് അവിടെയുള്ളത്. അതിനാല്‍ തന്നെ അതിവേഗം പ്രതിരോധത്തിലേക്ക് കടക്കുകയായിരുന്നു രാജ്യം സ്വീകരിച്ച നടപടി. കര്‍ശനമായ ക്വാറന്റൈന്‍ നയങ്ങള്‍ ഏര്‍പ്പെടുത്തി. വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ അതിവേഗത്തില്‍ പിന്തുടര്‍ന്ന് കണ്ടെത്തി. ഒരു പക്ഷേ, ചൈനയേക്കാള്‍ മുന്‍പേ ഇത് നടപ്പാക്കിയത് വിയറ്റ്‌നാമായിരിക്കണം.

രാജ്യത്ത് പത്തു കേസുകള്‍ റിപോര്‍ട്ട് ചെയ്ത സമയത്തുതന്നെ പതിനായിരം നഗരങ്ങളില്‍ മൂന്നാഴ്ച കര്‍ശന ക്വാറെന്റൈന്‍ നടപ്പാക്കി. വൈറസ് ബാധിതരുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ളവരുടെ രേഖകള്‍ ഉണ്ടാക്കി. ജര്‍മനി പോലെയുള്ള രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെയും അവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയവരുടെയും പട്ടിക മാത്രം തയ്യാറാക്കിയപ്പോള്‍ വിയറ്റ്‌നാം ചെയ്തത് സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും തലത്തിലുള്ള ആളുകളുടെ വരെ പട്ടിക ഉണ്ടാക്കുകയാണ്. ഇവര്‍ക്ക് കര്‍ശന സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി തുടക്കത്തില്‍ തന്നെ വിദ്യാലയങ്ങളും സര്‍വകലാശാലകളും അടച്ചു.

മെഡിക്കല്‍, ടെക്‌നോളജി സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ പൊതുനിരീക്ഷണത്തിനായി സൈന്യത്തെ വിന്യസിച്ചു. എല്ലാ തെരുവുകളുടെയും ഗ്രാമങ്ങളുടെയും അതിര്‍ത്തികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളന്റിയർമാരുടേയോ സുരക്ഷാ ഉദ്യോഗസ്ഥരുടെയോ നിരീക്ഷണത്തിലായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ ഇത് വളരെയധികം സഹായിച്ചു. നിയന്ത്രണങ്ങളെ തുടര്‍ന്ന് ദോഷവശങ്ങളും ഇല്ലാതിരുന്നില്ല.

യുദ്ധതന്ത്രങ്ങളില്‍ സ്വീകരിക്കുന്ന വാചക കസര്‍ത്തുകള്‍ തന്നെയായിരുന്നു വിയ്റ്റനാം പ്രധാനമന്ത്രിയുടെ മറ്റൊരായുധം. എല്ലാ മേഖലയും ഓരോ പൗരനും ഓരോ പാര്‍പ്പിട പ്രദേശവും പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ഒരു കോട്ടയായിരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ വിയറ്റ്‌നാമീസിനെ ഒറ്റക്കെട്ടായി നിര്‍ത്തിയത് ഈ പ്രധാനമന്ത്രിയുടെ ഈ വാചോടാപമാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും അവബോധ കാംപയിനുകള്‍ നടന്നു. കൈ കഴുകേണ്ടതെങ്ങനെ എന്ന് വിവരിക്കുന്ന ഒരു ഗാനം ആരോഗ്യ മന്ത്രാലയം യൂട്യൂബില്‍ അപ്ലോഡ് ചെയ്തു. ലോക്ഡൗണും യാത്രാ നിയന്ത്രണവും ഇപ്പോഴും വിയറ്റ്‌നാമില്‍ തുടരുകയാണ്.

നിയന്ത്രണങ്ങളെ തുടര്‍ന്ന് 2020ന്റെ ആദ്യ രണ്ടുമാസങ്ങള്‍ക്കുള്ളില്‍ 3000 വാണിജ്യ സ്ഥാപനങ്ങളാണ്‌ പൂട്ടിയത്. വന്‍കിട കമ്പനികള്‍ പോലും ടൂറിസം മേഖല ഇടിഞ്ഞതിനാല്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും അടച്ചുപൂട്ടി. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താന്‍ നിരവധി സാമ്പത്തിക പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക ഉത്തേജനത്തിനായി വിയറ്റ്നാം സർക്കാർ 1.1 ബില്യൺ ഡോളർ പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it