Sub Lead

വേമ്പനാട്ട് കായലിനെ കൊല്ലുന്നത് ഹൗസ് ബോട്ടുകളെന്ന് അമിക്കസ്‌ക്യൂറി റിപോർട്ട്

കായലിൽ ഹൗസ് ബോട്ടുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് റിപോർട്ട് പറയുന്നു. ഇവയിൽ നിന്നുള്ള മാലിന്യങ്ങൾ കായലിലേക്ക് തന്നെയാണ് തുറന്നുവിടുന്നത്.

വേമ്പനാട്ട് കായലിനെ കൊല്ലുന്നത് ഹൗസ് ബോട്ടുകളെന്ന് അമിക്കസ്‌ക്യൂറി റിപോർട്ട്
X

കൊച്ചി: വേമ്പനാട്ട്‌ കായലിൽ ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്നത് ഹൗസ് ബോട്ടുകളാണെന്ന് അമിക്കസ്‌ക്യൂറി റിപോർട്ട്. കായൽ സംരക്ഷണത്തിന് ഹൈക്കോടതി സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജിയിൽ നിയമിച്ച അമിക്കസ്‌ക്യൂറി സിആർ ശ്യാംകുമാറാണ് റിപോർട്ട് നൽകിയത്.

കായലിൽ ഹൗസ് ബോട്ടുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്ന് റിപോർട്ട് പറയുന്നു. ഇവയിൽ നിന്നുള്ള മാലിന്യങ്ങൾ കായലിലേക്ക് തന്നെയാണ് തുറന്നുവിടുന്നത്. കുമരകത്ത് ടൂറിസം വകുപ്പ് പൊതു സ്വീവേജ് ട്രീറ്റ്മെൻറ്‌ പ്ലാന്റ്‌ നിർമിച്ചിട്ടുണ്ട്. എന്നാൽ പ്ലാന്റിൻറെ ശേഷി ബോട്ടുകളുടെ എണ്ണത്തിനെ അപേക്ഷിച്ച് കുറവാണ്.

അതേസമയം ലൈസൻസ് പുതുക്കേണ്ട സമയം ഹൗസ്ബോട്ടുകൾ ഈ ട്രീറ്റ്മെന്റ്‌ പ്ലാന്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുണ്ട്. ഈ ആവശ്യത്തിനു മാത്രമായാണ് ബോട്ടുകൾ പ്ലാന്റിൽ വന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഹൗസ്ബോട്ട് ഉപയോഗവും മാലിന്യം കൈകാര്യം ചെയ്യുന്നതും ബോട്ടുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടുന്ന റിപോർട്ട് കലക്ടർമാരോട് ആവശ്യപ്പെടണമെന്നും റിപോർട്ട് പറയുന്നു.

വേമ്പനാട്ട്‌ കായലും തീരവും സംരക്ഷിക്കാൻ തീരദേശ നിയന്ത്രണ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാനും നിയമം ലംഘിച്ച മേഖലകൾ പുനസ്ഥാപിക്കാനും 2013ലും 16ലും സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതിനായി വേമ്പനാട് പരിസ്ഥിതി വികസന അതോറിറ്റി (വിഇഡിഎ) രൂപവൽക്കരിച്ചെങ്കിലും യോഗം ചേർന്നിട്ടില്ല. അതോറിറ്റിയുടെ രൂപീകരണം, പ്രവർത്തനം, പരിസ്ഥിതി സംരക്ഷണത്തിന് സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച വിശദീകരണം തേടണമെന്ന്‌ റിപോർട്ടിൽ ശുപാർശയുണ്ട്.

Next Story

RELATED STORIES

Share it