Top

'സർക്കാരിന് വേണ്ടത് വാട്സ്ആപ്പ് യൂനിവേഴ്സിറ്റി വിദ്യാഭ്യാസം': സിലബസ് മാറ്റത്തിനെതിരേ പ്രതിപക്ഷം

“ദേശീയത, പൗരത്വം, മതേതരത്വം” തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുന്നയിച്ചിരിക്കുന്നത്.

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരേ വിമർശനവുമായി പ്രതിപക്ഷം. കൊവിഡ് -19 രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സിബിഎസ്ഇ പാഠ്യപദ്ധതി ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി "ദേശീയത, പൗരത്വം, മതേതരത്വം" തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുന്നയിച്ചിരിക്കുന്നത്.

11-ാം ക്ലാസിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നിന്നാണ് "ദേശീയത, പൗരത്വം, മതേതരത്വം" തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പാഠഭാഗങ്ങൾ സിബിഎസ്ഇ ഒഴിവാക്കിയത്. ഇവ സംബന്ധിച്ച പാഠഭാഗങ്ങൾ പൂർണമായും ഒഴിവാക്കിയതാണ് വിവരം.

ഇവ കൂടാതെ, 'പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?', 'ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച' എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി പ്രതിപക്ഷ കക്ഷികൾ വ്യക്തമാക്കി.

സിബിഎസ്ഇ നീക്കത്തിനെതിരേ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ സിബിഎസ്ഇ കോഴ്സ് കുറയ്ക്കുന്നതിന്റെ പേരിൽ പൗരത്വം, ദേശീയത, മതേതരത്വം, തുടങ്ങിയ വിഷയങ്ങൾ കേന്ദ്രസർക്കാർ ഉപേക്ഷിച്ചതായി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് മമത ബാനർജി ട്വീറ്റ് ചെയ്തു.

സിബിഎസ്ഇയുടെ നീക്കത്തെ പ്രതിപക്ഷ നേതാവ് ശരദ് യാദവും വിമർശിച്ചു. കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്ത് 2020-21 അധ്യയന വർഷത്തേക്കുള്ള വിദ്യാർഥികൾക്കുള്ള സിലബസിലെ 30 ശതമാനം കോഴ്‌സ് കുറയ്ക്കുന്നതിനായി ചില സുപ്രധാന അധ്യായങ്ങൾ ഇല്ലാതാക്കാൻ സർക്കാർ തീരുമാനിച്ചതായി മാധ്യമ റിപോർട്ടുകൾ പറയുന്നു. ഇത് ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്. രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനുള്ള ആദ്യപടിയാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Next Story

RELATED STORIES

Share it