Sub Lead

ഡല്‍ഹി ആക്രമണം: അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി

പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ വീഡിയോഗ്രാഫ് ചെയ്യാനും മൃതദേഹങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിക്കുവാനും കോടതി ഉത്തരവില്‍ പറയുന്നു.

ഡല്‍ഹി ആക്രമണം: അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന സംഘപരിവാര അക്രമത്തില്‍ കണ്ടെടുത്ത അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആശുപത്രികള്‍ക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യരുതെന്ന് കോടതി നേരത്തെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

വലിയ തോതില്‍ ആക്രമണം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുസ്തഫാബാദില്‍ നിന്ന് ഒരാളെ കാണാതായതിനെ തുടര്‍ന്ന് നല്‍കിയ റിട്ട് ഹരജിയിന്‍മേലാണ് ഉത്തരവ്. പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ വീഡിയോഗ്രാഫ് ചെയ്യാനും മൃതദേഹങ്ങളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ സൂക്ഷിക്കുവാനും കോടതി ഉത്തരവില്‍ പറയുന്നു. കാണാതായാളുടെ മൃതദേഹം പിന്നീട് ഭഗീരതി വിഹാറിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ബന്ധുക്കളുടെ തിരോധാനത്തെക്കുറിച്ച് പരാതി നല്‍കിയവരെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അധികൃതര്‍ വിളിച്ചുവരുത്തണമെന്ന് ജസ്റ്റിസുമാരായ വിപിന്‍ സംഘി, രജനീഷ് ഭട്‌നഗര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അജ്ഞാത മൃതദേഹങ്ങള്‍ മോര്‍ച്ചറികളില്‍ അനിശ്ചിതമായി സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചിരുന്നു. അജ്ഞാത മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ ഫോട്ടോകള്‍ക്കൊപ്പം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ പോലിസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

നിരവധി പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലുടനീളം അവര്‍ അഴുക്കുചാലുകളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തേക്കാമെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ പോലിസ് കോടതിയെ ധരിപ്പിച്ചു. സംഘപരിവാര ആക്രമണത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടുതലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 53 പേരില്‍ 44 പേര്‍ ഗുരു തേഗ് ബഹാദൂര്‍ ആശുപത്രിയിലും അഞ്ച് പേര്‍ രാം മനോഹര്‍ ലോഹിയ ആശുപത്രിയിലും മൂന്ന് പേര്‍ ലോക്‌നായക് ജയ് പ്രകാശ് നാരായണ ആശുപത്രിയിലും മൂന്ന് പേര്‍ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയിലുമാണ് മരണപ്പെട്ടത്.

Next Story

RELATED STORIES

Share it