Sub Lead

മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വച്ച ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം

കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിന്റെ ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്.

മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വച്ച ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം
X

മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്‌ഫോടക വസ്തു വച്ച സംഭവത്തില്‍ അറസ്റ്റിലായ ഉഡുപ്പി സ്വദേശിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധയില്‍ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന വെളുത്ത പൊടി സയനൈഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിന്റെ ലോക്കറില്‍ നിന്നാണ് സയനൈഡ് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനായി സൂക്ഷിച്ച സയനൈഡ് ആണ് ഇതെന്നാണ് ആദിത്യ റാവുവിന്റെ ബന്ധുക്കള്‍ നല്‍കുന്ന വിശദീകരണം. സയനൈഡ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്തു വരികയാണ്.

ജനുവരി 20നാണ് ഉ​ഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ബം​ഗളൂരുവിൽ വച്ചാണ് ആദിത്യ റാവു പോലിസ് പിടിയിലായത്. അതിനിടെ, ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഇയാളുടെ കുടുംബം നിഷേധിച്ചിരുന്നു. പ്രതി രണ്ടു വര്‍ഷമായി കുടുംബവുമായി അകന്നു കഴിയുകയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

വ്യാജരേഖകള്‍ ഉപയാഗിച്ചു നേരത്തെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഇയാള്‍ ജോലി നേടിയിരുന്നു. പിടിക്കപ്പെട്ടതോടെ ജോലിയില്‍ നിന്ന് പുറത്താക്കി. പിന്നീട് ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു ആദിത്യ റാവു. ബംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വ്യാജ സന്ദേശം നല്‍കിയ കേസിലും പ്രതിയാണ് ആദിത്യ റാവു. 2018ല്‍ ഈ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷയും ഇയാള്‍ അനുഭവിച്ചിട്ടുണ്ട്.

അതേസമയം, മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു വച്ച പ്രതി ആന്ധ്രാ പ്രദേശിലെ കാദ്രി ലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ബിജെപി മുഖപത്രമായ ജന്മഭൂമി റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ ഷിമോഗയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it