സികെ സുബൈര്‍: പാതി വഴിയില്‍ ഉടഞ്ഞത് വലിയ രാഷ്ട്രീയ ഭാവി

പിസി അബ്ദുല്ല
കോഴിക്കോട്: ജീവ കാരുണ്യ ഫണ്ട് തിരിമറി വിവാദത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനിടെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനെ തേടിയെത്തിയത് കനത്ത തിരിച്ചടി. കോഴിക്കോട് വാണിമേല്‍ സ്വദേശിയായ ഈ യുവ നേതാവിന് പാര്‍ട്ടിയിലും പൊതു പ്രവര്‍ത്തനത്തിലും ഇനിയൊരു തിരിച്ചു വരവ് എളുപ്പമല്ല. ഒഴിവു വരുന്ന രാജ്യ സഭാ സീറ്റിലെക്കോ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിത മണ്ഡലത്തിലേക്കോ പരിഗണിക്കെയാണ് സഹപ്രവര്‍ത്തക നല്കിയ പരാതിയില്‍ സുബൈറിനെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കം ചെയ്തത്.
ഡല്‍ഹി ജെഎന്‍യു കേന്ദ്രീകരിച്ചാണ് പരാതി ഉയര്‍ന്നത്. ജെഎന്‍യു ഘടകം എംഎസ്എഫിന്റെ ശക്തമായ ഇടപെടലില്‍ ഒത്തു തീര്‍പ്പു സാധ്യതകള്‍ അടഞ്ഞു.യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ സുബൈറില്‍ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. രാജിക്ക് തയാറായില്ലെങ്കില്‍ സുബൈറിനെ ഇന്നലെ തന്നെ പുറത്താക്കണമെന്ന് ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് നിര്‍ദ്ധേശിച്ചിരുന്നു. കത്വ കേസ് ഫണ്ടിന്റെ പേരില്‍ സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനുമെതിരേ കുന്ദമംഗലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് യൂത്ത് ലീഗിനെ പിടിച്ചുലക്കുന്ന പുതിയ വിവാദം. യൂത്ത് ലീഗ് വിമതനായ യൂസഫ് പടനിലം നല്കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്.
കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിച്ചെന്നാണ് പരാതി. ഈ ഫണ്ടില്‍ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായി നല്‍കിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.
2017 ല്‍ ബംഗളൂരുവില്‍ നടന്ന യൂത്ത് ലീഗ് ദേശീയ നിര്‍വാഹക സമിതിയിലാണ് സികെ സുബൈറിനെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടിയുടെ ജീവ കാരുണ്യ സംരംഭങ്ങളുടേയും സംഘടനാ വിപുലീകരണത്തിന്റെയും ചുമതല സുബൈറിനായിരുന്നു. പാര്‍ട്ടി വേദികളില്‍ സൗമ്യനായി അറിയപ്പെടുന്ന സുബൈറിനെതിരേ നേരത്തെ നാട്ടിലും ഇപ്പോഴത്തേതിനു സമാനമായ ആരോപണം ഉയര്‍ന്നിരുന്നതായി പറയപ്പെടുന്നു. ഇന്നലെ രാവിലെ മുതല്‍ വാണിമേലിലെ വീട്ടിലുള്ള സുബൈര്‍ പുതിയ ആരോപണങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.