Sub Lead

പൗരത്വ ഭേദഗതി ബില്‍: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നൽകി

മതത്തിന്റെ പേരില്‍ മുസ്‌ലിം മതവിഭാഗങ്ങളെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

പൗരത്വ ഭേദഗതി ബില്‍: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഹരജി നൽകി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍ ഇന്ന് ഹരജി നൽകി. മുസ്‌ലിം ലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹരജി സമര്‍പ്പിച്ച്ത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹരജി നല്‍കിയത്.

മതത്തിന്റെ പേരില്‍ മുസ്‌ലിം മതവിഭാഗങ്ങളെ പൗരത്വ ഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്‍ ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹരജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കുന്നത്.

ലോക്‌സഭയും രാജ്യസഭയും പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ നിയമമാകും. മുസ്‌ലിം ലീഗിന് പുറമെ മറ്റ് ചില കക്ഷികള്‍ കൂടി സുപ്രിംകോടതിയില്‍ ഹരജി നല്‍കുമെന്നാണ് സൂചന. കിസ്മസ് അവധി ആരംഭിക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഹരജികള്‍ കോടതിയുടെ പരിഗണനയ്ക്ക് മുന്നില്‍ വരുത്താനാണ് ഹരജി നല്‍കുന്ന കക്ഷികളുടെ ശ്രമം.

പുതിയ നിയമപ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈനര്‍, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

Next Story

RELATED STORIES

Share it