പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; ആര്‍എസ്എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് ജവാനു പരിക്ക്

പരിക്കേറ്റയാളെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അകമ്പടി വാഹനം യാത്ര തുടരുകയുമായിരുന്നു

പശുവിനെ രക്ഷിക്കാന്‍ വെട്ടിച്ചു; ആര്‍എസ്എസ് മേധാവിയുടെ അകമ്പടി വാഹനം മറിഞ്ഞ് ജവാനു പരിക്ക്

നാഗ്പൂര്‍: പശുവിനെ ഇടിക്കുന്നത് ഒഴിവാക്കാന്‍ വെട്ടിക്കുന്നതിനിടെ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനു അകമ്പടി പോയ വാഹനം അപകടത്തില്‍പെട്ട് സിഐഎസ്എഫ് ജവാന് പരിക്കേറ്റു. നടുറോഡില്‍ നില്‍ക്കുകയായിരുന്ന പശുവിനെ ഇടിക്കുന്നത് തടയാന്‍ വേണ്ടി പൊടുന്നനെ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ശക്തമായി ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാറിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രപൂര്‍-നാഗ്പൂര്‍ ദേശീയപാതയില്‍ വ്യാഴാഴ്ച വൈകീട്ട് 5.15ഓടെയാണ് സംഭവം. ഇസെഡ് സുരക്ഷയുള്ള മോഹന്‍ ഭാഗവത് ചന്ദ്രപൂരില്‍ നിന്ന് നാഗ്പൂരിലേക്കു പോവുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാര്‍ പശുവിനെ മറികടന്ന് പോയതിനു പിന്നാലെയെത്തിയ അകമ്പടി വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ആറു സിഐഎസ്എഫ് ജവാന്‍മാരില്‍ ഒരാള്‍ക്കാണു പരിക്കേറ്റതെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റയാളെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അകമ്പടി വാഹനം യാത്ര തുടരുകയുമായിരുന്നു. പശുവിനു പരിക്കേറ്റിട്ടില്ല. 2017 ഒക്ടോബര്‍ ആറിനു മോഹന്‍ ഭാഗവത് സഞ്ചരിച്ച കാര്‍ ഉത്തര്‍പ്രദേശിലെ മധുര ജില്ലയിലെ യമുന ദേശീയപാതയില്‍ അമിതവേഗതയിലെത്തി മറ്റൊരു വാഹനത്തിലിടിച്ചിരുന്നു.


RELATED STORIES

Share it
Top