Top

ബാബരി ധ്വംസന കേസ്: വിധി സെപ്തംബർ 30 ന്; പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

ബാബരി ധ്വംസന കേസ്: വിധി സെപ്തംബർ 30 ന്; പ്രതികളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്തംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്. സുപ്രിംകോടതി നിശ്ചയിച്ച പ്രകാരം വിചാരണ പൂർത്തിയാക്കാനും വിധി പറയാനുമുള്ള സമയപരിധി സെപ്തംബർ 30 നാണ് അവസാനിക്കുന്നത്.

ലഖ്‌നോവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുക. ഗൂഢാലോചനക്കേസും ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണം എന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരുമിച്ച് ആയിരുന്നു വിചാരണ നടന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു. കേസില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്നും രാഷ്ട്രീയ പകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും എല്‍കെ അദ്വാനി കോടതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. മുരളി മനോഹര്‍ ജോഷിയും വിചാരണയില്‍ കുറ്റം നിഷേധിച്ചു. കേസിലെ ചില സാക്ഷികളുടെ മൊഴിയും വീഡിയോ കോണ്‍ഫെറെന്‍സിലൂടെ ആണ് കോടതി രേഖപെടുത്തിയത്.

ഉത്തർപ്രദേശിലെ അയോധ്യയിൽ സ്ഥിതി ചെയ്യുന്ന ബാബരി മസ്ജിദ് 1992 ഡിസംബർ 6 നാണ് ഹിന്ദുത്വർ തകർത്തത്. തന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ജൂലൈ 2 നാണ് ഉമാ ഭാരതി പ്രത്യേക സിബിഐ കോടതിയിൽ ഹാജരായത്. നൂറിലധികം ചോദ്യങ്ങളാണ് ഉമാഭാരതി കോടതിയിൽ വിചാരണക്കിടെ നേരിടേണ്ടി വന്നത്.

ബാബരി മസ്ജിദ് തർക്ക കേസിൽ, അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം പണിയുന്നതിനായി സർക്കാർ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രിംകോടതി നവംബറിൽ വിധി പ്രസ്താവിച്ചിരുന്നു. ബാബരി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമാണെന്നും പള്ളി പണിയാൻ മറ്റൊരു സ്ഥലം ഏറ്റെടുക്കാൻ വിധിയിൽ സർക്കാരിനോട് സുപ്രിംകോടതി നിർദ്ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it