Sub Lead

'ബിജെപി നേതാക്കള്‍ വിദ്വേഷ രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണം' ; പഴയ ട്വീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തുന്നു

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയും ബിജെപിക്കെതിരേ ശക്തമായ സ്വരത്തില്‍ വിമര്‍ശനങ്ങളുയര്‍ത്തുന്ന നേതാവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

ബിജെപി നേതാക്കള്‍ വിദ്വേഷ രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണം ; പഴയ ട്വീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തുന്നു
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിന് പിന്നാലെ മുമ്പ് താന്‍ ചെയ്ത ട്വീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയിലേക്ക് അദ്ദേഹം ചേക്കേറുന്നു എന്ന അഭ്യൂഹങ്ങള്‍ കനത്തതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പഴയ ട്വീറ്റുകളും പ്രതികരണങ്ങളും വീണ്ടും ചര്‍ച്ചയായത്.

ഡല്‍ഹി കലാപ സമയത്തടക്കം ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷ ഭാഷയിലാണ് സിന്ധ്യ വിമര്‍ശിച്ചത്. വെറുപ്പ് പ്രചരിപ്പിക്കുന്നത് ബിജെപി നിര്‍ത്തണമെന്നും കലാപം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി ഗവണ്‍മെന്റും പരാജയപ്പെട്ടെന്നും അദ്ദേഹം കഴിഞ്ഞ ഫെബ്രുവരി 26ന് ട്വീറ്റ് ചെയ്തിരുന്നു.

ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയുടെ ഫലമാണ്. ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ബിജെപി നേതാക്കള്‍ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വൈകാതെ ഇരു സര്‍ക്കാരുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഇത് അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്! ബിജെപിയും ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും അക്രത്തിന്റെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത്.

കര്‍ണാടകയിലെ കുതിരക്കച്ചവടത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച സിന്ധ്യ 17 എംഎല്‍എമാരുമായി കര്‍ണാടകയിലേക്ക് തന്നെ പറന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയും ബിജെപിക്കെതിരേ ശക്തമായ സ്വരത്തില്‍ വിമര്‍ശനങ്ങളുയര്‍ത്തുന്ന നേതാവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. 18 വര്‍ഷമായി കോണ്‍ഗ്രസിന്റെ അനുയായിയായിരുന്ന താന്‍ പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും മറ്റ് പദവികളില്‍ നിന്നും രാജിവെക്കുന്നുവെന്നാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പരാമര്‍ശിച്ചത്.

Next Story

RELATED STORIES

Share it