Sub Lead

യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ 68,138 കേസുകള്‍ കെട്ടിക്കിടക്കുന്നു

ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച 42,389 കേസുകളും സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 25,749 കേസുകളുമാണ് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നത്

യുപിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ 68,138 കേസുകള്‍ കെട്ടിക്കിടക്കുന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം സംബന്ധിച്ച 42,389 കേസുകളും സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട 25,749 കേസുകളുമാണ് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്നതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെ, ഇത്തരം കേസുകളുടെ വിചാരണയ്ക്കായി 218 അതിവേഗ കോടതികള്‍കൂടി സ്ഥാപിക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് അതിവേഗ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതെന്ന് നിയമ മന്ത്രി ബ്രജേഷ് പതങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഉന്നാവില്‍ 23 വയസുകാരിയെ ബലാൽസം​ഗത്തിന് ഇരയാക്കിയ പ്രതികള്‍ പിന്നീട് യുവതിയെ തീകൊളുത്തി കൊന്ന സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ തീരുമാനം.

പുതുതായി സ്ഥാപിക്കുന്ന 218 അതിവേഗ കോടതികളില്‍ 144 എണ്ണത്തില്‍ സ്ത്രീകള്‍ക്കെതിരായ ബലാൽസം​ഗക്കേസുകള്‍ അടക്കമുള്ളവയും 74 കോടതികള്‍ പോക്‌സോ കേസുകളും പരിഗണിക്കും. ബലാൽസം​ഗക്കേസുകള്‍ പരിഗണിക്കാന്‍ നിലവില്‍ സംസ്ഥാനത്തുള്ള 81 അതിവേഗ കോടതികള്‍ക്ക് പുറമെയാണ് പുതിയ 218 എണ്ണംകൂടി സ്ഥാപിക്കുന്നത്. നിലവില്‍ വിവിധ കോടതികളിലുള്ള ലൈംഗിക അതിക്രമ കേസുകള്‍ അതിവേഗ കോടതികളിലേക്ക് മാറ്റും.

അതിവേഗ കോടതികളിലേക്കായി 281 അഡീഷണല്‍ സെഷന്‍സ് ജഡ്ജിമാരുടെയും കോടതി ജീവനക്കാരുടെയും തസ്തികകള്‍ സൃഷ്ടിക്കും. പുതിയ കോടതികള്‍ സ്ഥാപിക്കാനുള്ള ചിലവിന്റെ 60 ശതമാനം തുകയും കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാവും വഹിക്കുക. ഓരോ കോടതികള്‍ക്കും 75 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ബലാൽസം​ഗക്കേസിലെ പരാതിക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ യുപി സര്‍ക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനിടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭാ യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയതായി നിയമമന്ത്രി ബ്രജേഷ് പതങ്ക് പറഞ്ഞു.

Next Story

RELATED STORIES

Share it