Sub Lead

ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ശാഹ്ദ്ര ഡിസിപി അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഡല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
X

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിനു മണിക്കൂറുകള്‍ മുമ്പ് പൗരത്വ പ്രക്ഷോഭകർക്ക് നേരെ ഡല്‍ഹിയില്‍ ആക്രമണം. തുടർന്ന് രൂപപ്പെട്ട സംഘർഷത്തിനിടയിൽ പ്രദേശവാസിയായ ഫര്‍ഖന്‍ അന്‍സാരി ഉള്‍പ്പെടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ശാഹ്ദ്ര ഡിസിപി അമിത് ശര്‍മയുള്‍പ്പെടെ അമ്പതോളംപേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

സിഎഎ. വിരുദ്ധ പ്രക്ഷോഭകരെ നേരിടുമെന്ന മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്രയുടെ പ്രസ്താവനക്കു പിറകെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ അനുകൂലികളുടെ അഴിഞ്ഞാട്ടം ആരംഭിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. പൗരത്വ അനുകൂലികളുടെ ക്രൂരമായ ശാരീരിക മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ മാരകായുധങ്ങളുമായെത്തിയ അക്രമികള്‍ മുഹമ്മദ് ഫുര്‍ഖാനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

കൊല്ലപ്പെട്ട മറ്റൊരാള്‍ പ്രദേശവാസിയായ ശാഹിദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.രാത്രി വൈകിയും പല മേഖലകളിലും കലാപ സമാനമായ അന്തരീക്ഷമാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ തിരഞ്ഞുപിടിച്ച് പോലിസും പൗരത്വ അനുകൂലികളും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപോര്‍ട്ടുകള്‍. പുറത്തുനിന്നെത്തുന്ന അക്രമികളാണ് അക്രമം അഴിച്ചുവിടുന്നത്.പോലിസ് ഒത്താശയോടെയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നാണ് റിപോര്‍ട്ടുകള്‍. നൂര്‍ ഇലാഹി ഭാഗങ്ങളില്‍ വലിയ തോതിലുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. രാത്രി വൈകി പോലിസ് നടത്തിയ വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫ്രാബാദ്, മോജ്പുര്‍, ഭജന്‍പുര, ചാന്ദ്ബാഗ്, ശാഹ്ദ്ര, കരാവല്‍ നഗര്‍, കബീര്‍ നഗര്‍, ദയാല്‍പുര്‍, ഖജൂരി ഖാസ് എന്നിവിടങ്ങളിലാണ് സംഘർഷം തുടരുന്നത്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം തലസ്ഥാനത്ത് തുടരുന്നുണ്ട്. ഡല്‍ഹിയിലാണ് ട്രംപിന്റെ ഇന്നത്തെ പരിപാടികള്‍. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും.

ഡല്‍ഹിയിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയിലെ മറൈന്‍ ഡ്രൈവിലും തിങ്കളാഴ്ച രാത്രി വൈകി പ്രക്ഷോഭം നടന്നു. സമരക്കാരെ പോലിസ് അറസ്റ്റു ചെയ്തുനീക്കി. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.

Next Story

RELATED STORIES

Share it