Sub Lead

വീണ്ടും വായ്പാ തട്ടിപ്പ്; 350 കോടി തട്ടി വ്യവസായി ഇന്ത്യ വിട്ടു

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയ ബാങ്കുകള്‍ തട്ടിപ്പ് റിസര്‍വ് ബാങ്കിന് റിപോര്‍ട്ട് ചെയ്തു.

വീണ്ടും വായ്പാ തട്ടിപ്പ്; 350 കോടി തട്ടി വ്യവസായി ഇന്ത്യ വിട്ടു
X

ന്യൂഡല്‍ഹി: വ്യവസായി ഇന്ത്യ വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകള്‍ രംഗത്ത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടര്‍ മഞ്ജിത് സിങ് മഖ്‌നിക്കെതിരേ കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് സിബിഐക്ക് പരാതി നല്‍കിയത്.

മഞ്ജിത് സിങ് നിലവില്‍ കാനഡയിലാണെന്നാണ് റിപോര്‍ട്ട്‌. ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമൃത്‌സര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബസ്മതി റൈസ് ലിമിറ്റഡ്, അതിന്റെ ഡയറക്ടര്‍മാരായ മഞ്ജിത് സിങ് മഖ്‌നി, മകന്‍ കുല്‍വിന്ദര്‍ മഖ്‌നി, മരുമകള്‍ ജസ്മീത് കൗര്‍, ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ബാങ്കുകളെ വഞ്ചിച്ചതിന് സിബിഐ കേസെടുത്തു.

കാനറ ബാങ്കില്‍ നിന്ന് 175 കോടി, ആന്ധ്ര ബാങ്ക്- 53 കോടി, യുബിഐ ബാങ്ക്- 44 കോടി, ഓറിയന്റല്‍ ബാങ്ക്‌- 25 കോടി, ഐഡിബിഐ- 14 കോടി, യുകോ ബാങ്ക്- 41 കോടി എന്നിങ്ങനെയാണ് ഇവര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്ന് എഫ്ഐആറില്‍ പറയുന്നു.

2003 മുതല്‍ അവര്‍ വായ്പകള്‍ നേടിയിട്ടുണ്ടെന്ന് കാനറ ബാങ്ക് പരാതിയില്‍ അറിയിച്ചു. 2012 മുതല്‍ കണ്‍സോര്‍ഷ്യം ക്രമീകരണം തിരഞ്ഞെടുത്തുവെന്നും പറയുന്നു. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ളതാണ് ഈ കണ്‍സോര്‍ഷ്യം. തിരിച്ചടവുകളിലും മറ്റും വീഴ്ച വരുത്തിയതിനാല്‍ 25-4-2018-ന് ഈ അക്കൗണ്ട് നിഷ്‌ക്രിയ വായ്പയായി കാനറ ബാങ്ക് തിരിച്ചു. 2018-ല്‍ തന്നെ മറ്റു ബാങ്കുകളും ഇതേ നടപടിയെടുത്തെന്നും എഫ്ഐആറില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയ ബാങ്കുകള്‍ തട്ടിപ്പ് റിസര്‍വ് ബാങ്കിന് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ സിബിഐക്ക് പരാതി നല്‍കാന്‍ നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും ബാങ്കുകള്‍ ഈ വര്‍ഷം ജൂണിലാണ് സിബിഐയെ സമീപിച്ചത്. ജൂണ്‍ ഒന്നിന് നല്‍കിയ പരാതിയില്‍ മഞ്ജിത് സിങ് കാനഡിയിലേക്ക് കടന്നതായി കാനറ ബാങ്ക് പറയുന്നുണ്ട്.

Next Story

RELATED STORIES

Share it