സുഹൃത്തിന് ജാമ്യം എടുക്കാനായി സ്റ്റേഷൻ മാറി എത്തിയ 19 കാരന് പോലിസ് മർദനം

നെഞ്ചിലും വയറ്റിലും മർദനമേറ്റതായി ആശുപത്രി രേഖകളിൽ പറയുന്നുണ്ട്. അകാരണമായി മർദിച്ച എസ്‌ഐ ബിജുവിനെതിരേ നടപടി ആവശ്യപ്പെട്ട് അതുൽ ഡിജിപിക്ക് പരാതി നൽകി

സുഹൃത്തിന് ജാമ്യം എടുക്കാനായി സ്റ്റേഷൻ മാറി എത്തിയ 19 കാരന് പോലിസ് മർദനം

കൊല്ലം: സുഹൃത്തിന് ജാമ്യം എടുക്കാനായി സ്റ്റേഷൻ മാറി എത്തിയ 19 കാരനെ കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ എസ്ഐ ക്രൂരമായി മർദ്ദിച്ചതായി പരാതി. കിക്ബോക്സിങ് സംസ്ഥാന ചാമ്പ്യൻ കൂടിയായ അതുൽ ദാസിനാണ് കഴിഞ്ഞ ദിവസം പോലിസ് മർദ്ദനമേറ്റത്. മർദനത്തിൽ പരിക്കേറ്റ അതുൽ പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.

ജാമ്യം എടുക്കാനായി വരണമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചതിനു പിന്നാലെ ഫോൺ കട്ടാവുകയും പിന്നീട് വിളിച്ചിട്ട് കിട്ടാതിരിക്കുകയും ചെയ്തപ്പോഴാണ് അതുൽ മറ്റൊരു സുഹൃത്തിനൊപ്പം സറ്റേഷനിലേക്ക് ഏത്തിയത്. ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ എത്തിയ അതുൽ ദാസ് സുഹൃത്തിന്‍റെ വിവരം അന്വേഷിച്ചപ്പോൾ അതുലിന്‍റെ ഫോൺ പരിശോധിക്കണമെന്ന് എസ്ഐ ആവശ്യപ്പെട്ടുവെന്നും ഫോൺ തരുന്നതിന് രസീത് വേണമെന്ന് ആവശ്യപ്പെട്ട തന്നെ എസ്ഐ വലിച്ചു കൊണ്ടുപോയി മർദിച്ചുവെന്നും അതുൽ ദാസ് പറഞ്ഞു.


സിസിടിവി കാമറ ഉള്ള സ്ഥലത്ത് വച്ചും പിന്നീട് വലിച്ചിഴച്ച് കാമറ ഇല്ലാത്ത സ്ഥലത്തും കൊണ്ടുപോയി മർദിച്ചു. എന്‍റെ തെറ്റ് എന്താണ് ചോദിച്ചപ്പോൾ അത് ഞങ്ങൾ ഉണ്ടാക്കിക്കൊള്ളാമെന്ന് പറഞ്ഞു. തന്നെ മർദിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ശ്രമിച്ച സുഹൃത്തിനെ പോലിസുകാർ ചീത്ത പറഞ്ഞ് ഓടിച്ചു. അമ്മ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു, തന്നെ കാത്തിരുന്ന അമ്മ പിന്നെ ആശുപത്രിയിൽ നിന്നും എന്നെ അന്വേഷിച്ച് സ്റ്റേഷനിലെത്തുകയായിരുന്നു. ആള് മാറിയതാണെന്നാണ് പോലിസ് തന്ന വിശദീകരണം. തന്നെ തല്ലിയതിന് സമാധാനം പറയണം എന്ന് പറഞ്ഞപ്പോൾ കള്ളക്കേസ് ചുമത്തിയതായും അതുൽ ദാസ് പറയുന്നു.

പ്ലസ്ടു കഴിഞ്ഞ് ബിരുദ പഠനത്തിന് തയാറെടുക്കുന്ന അതുൽ ദാസ് ജുജിത്സു ചാമ്പ്യനും കിക് ബോക്സിം​ഗ് താരവുമാണ്. 2017 ൽ ദേശീയ ചാമ്പൻഷിപ്പിൽ കിക്ബോക്സിങിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അതേസമയം നെഞ്ചിലും വയറ്റിലും മർദനമേറ്റതായി ആശുപത്രി രേഖകളിൽ പറയുന്നുണ്ട്. അകാരണമായി മർദിച്ച എസ്‌ഐ ബിജുവിനെതിരേ നടപടി ആവശ്യപ്പെട്ട് അതുൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

കേരള പോലിസിന്റെ തലപ്പത്തെ ഫണ്ട് വക മാറ്റി ചെലവഴിക്കൽ മുതൽ ആയുധ അഴിമതി വരെയുള്ള സംഭവങ്ങളുടെ റിപോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഈ ലോക്കപ് മർദ്ദനത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നും ആഭ്യന്തരമന്ത്രി പിണറായി വിജയൻ ഈ സംഭവത്തിന്‌ ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സമിതി പത്രപ്രസ്താവനയിൽ പറഞ്ഞു.

RELATED STORIES

Share it
Top